അബുദാബി : മിഡിൽ ഈസ്റ്റിലെ പ്രാദേശിക സംഘർഷങ്ങൾക്കിടയിലും യുഎഇ ബാങ്കിംഗ് മേഖല ശക്തമായ അടിത്തറയോടെ സുരക്ഷിതമായി തുടരുന്നതായി പ്രമുഖ ആഗോള റേറ്റിംഗ് ഏജൻസികളായ എസ് ആൻഡ് പി (S&P), ഫിച്ച് (Fitch) എന്നിവയുടെ വിലയിരുത്തൽ. ശക്തമായ സാമ്പത്തിക സ്രോതസ്സുകളും യുഎഇ സെൻട്രൽ ബാങ്കിന്റെ (CBUAE) സമയബന്ധിതമായ ഇടപെടലുകളുമാണ് പ്രതിസന്ധികളെ മറികടക്കാൻ ബാങ്കുകളെ സഹായിച്ചത്. സാമ്പത്തിക രംഗത്തെ മാന്ദ്യവും വ്യാപാര-ടൂറിസം മേഖലകളിലെ താൽക്കാലിക ഇടിവും ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.
സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ഒന്നാം പാദത്തിൽ യുഎഇയിലെ ബാങ്കിംഗ് ആസ്തി 17.7 ശതമാനം വർദ്ധിച്ച് 5.56 ലക്ഷം കോടി ദിർഹത്തിലെത്തി. ഉപഭോക്തൃ നിക്ഷേപങ്ങൾ 17.4 ശതമാനം ഉയർന്ന് 3.45 ലക്ഷം കോടി ദിർഹമായി. സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളുടെ വലിയ നിക്ഷേപങ്ങളാണ് ബാങ്കുകൾക്ക് കരുത്തായത്. ഗൾഫ് മേഖലയിലെ ഏറ്റവും ശക്തമായ സാമ്പത്തിക സുരക്ഷിതത്വമുള്ള ബാങ്കിംഗ് സംവിധാനമാണ് യുഎഇയുടേതെന്ന് റേറ്റിംഗ് ഏജൻസികൾ വ്യക്തമാക്കുന്നു. അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഇസ്ലാമിക് ബോണ്ടുകളായ ‘സുകൂക്’ (Sukuk) വിപണിയിൽ താൽക്കാലിക ഇടിവുണ്ടായെങ്കിലും, വരും മാസങ്ങളിൽ ഇത് തിരിച്ചുപിടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.