യുഎഇ : പ്രമേഹം, അമിതവണ്ണം (Obesity), അപൂർവ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ വികസിപ്പിക്കുന്നതിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക് (Novo Nordisk), തങ്ങളുടെ പുതിയ റീജിയണൽ വിതരണ കേന്ദ്രം യുഎഇയിൽ സ്ഥാപിക്കുന്നു. ഔഷധ നിർമ്മാണ മേഖലയിലും വിതരണ ശൃംഖലയിലും (Supply chain) യുഎഇയുടെ ആഗോള സ്ഥാനം കൂടുതൽ ശക്തമാക്കുന്നതാണ് ഈ പ്രഖ്യാപനം. ലോകമെമ്പാടുമുള്ള നോവോ നോർഡിസ്കിന്റെ ഉൽപ്പന്ന വിതരണം നിയന്ത്രിക്കുന്ന മൂന്ന് ആഗോള കേന്ദ്രങ്ങളിൽ ഒന്നായിരിക്കും യുഎഇയിലേത്.
യുഎഇയിലെ മികച്ച നിക്ഷേപ സൗകര്യങ്ങളും അത്യാധുനിക ലോജിസ്റ്റിക്സ് സംവിധാനങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. വിതരണ കേന്ദ്രത്തിന് പുറമെ യുഎഇയിൽ ഒരു സയന്റിഫിക് ഓഫീസും എമിറാത്തി പൗരന്മാർക്കായി പ്രത്യേക പ്രതിഭാ വികസന പരിപാടിയും (Talent development programme) കമ്പനി ആരംഭിക്കും. ഗൾഫ്, ആഫ്രിക്ക, മധ്യേഷ്യ എന്നിവയുൾപ്പെടെ 70 രാജ്യങ്ങളിലേക്ക് ഈ കേന്ദ്രം വഴി ഘട്ടങ്ങളായി മരുന്നുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 100 കോടിയിലധികം വരുന്ന ജനസംഖ്യയിലെ 26 ലക്ഷത്തിലധികം രോഗികൾക്ക് ആവശ്യമായ ചികിത്സാ സഹായം ഉറപ്പാക്കാൻ സാധിക്കും.
ഔഷധ സുരക്ഷ എന്നത് കേവലം ആരോഗ്യരംഗത്തെ വിഷയം മാത്രമല്ല, അത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാന തൂണാണെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ചെയർമാൻ സയീദ് ബിൻ മുബാറക് അൽ ഹാജേരി പറഞ്ഞു. ആഗോള വിതരണ ശൃംഖലകൾ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് ഇത്തരമൊരു വൻകിട നിക്ഷേപം യുഎഇയിലെ ബിസിനസ്സ് അന്തരീക്ഷത്തിലുള്ള ആഗോള കമ്പനികളുടെ വിശ്വാസ്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹിൽഹൗസ് ഇൻവെസ്റ്റ്മെന്റ് ഉൾപ്പെടെയുള്ള പ്രമുഖ ഫാർമസ്യൂട്ടിക്കൽ നിക്ഷേപ സ്ഥാപനങ്ങൾ യുഎഇയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.