അബുദാബി : പ്രവാസി മലയാളിക്ക് വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം. അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂൺ മാസത്തെ തത്സമയ നറുക്കെടുപ്പിൽ ബഹ്റൈൻ പ്രവാസിയായ കൃഷ്ണകുമാർ ശ്യാമള രവീന്ദ്രൻ എന്ന 43-കാരനാണ് 20 മില്യൺ ദിർഹം (ഏകദേശം 45 കോടിയിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി നേടിയത്. മെയ് 28-ന് എടുത്ത 339729 എന്ന നമ്പറിലുള്ള ടിക്കറ്റാണ് കൃഷ്ണകുമാറിനെ കോടീശ്വരനാക്കിയത്.
കഴിഞ്ഞ 23 വർഷമായി ബഹ്റൈനിൽ സ്വന്തമായി ബിസിനസ് ചെയ്യുകയാണ് മലപ്പുറം സ്വദേശിയായ കൃഷ്ണകുമാർ. ഭാര്യയും മക്കളും നാട്ടിലാണ്. തത്സമയ നറുക്കെടുപ്പിനിടെ ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബുഷ്റയും കൃഷ്ണകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കോവിഡ് കാലം മുതൽ കഴിഞ്ഞ ഏഴ് വർഷമായി ഇദ്ദേഹം ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ചിലപ്പോൾ കൂട്ടുകാർക്കൊപ്പവും മറ്റുചിലപ്പോൾ ഒറ്റയ്ക്കുമാണ് ടിക്കറ്റ് എടുക്കാറുള്ളത്. എന്നാൽ ഇത്തവണ വലിയ തുക മുടക്കി ഒറ്റയ്ക്കാണ് കൃഷ്ണകുമാർ ഈ ഭാഗ്യ ടിക്കറ്റ് സ്വന്തമാക്കിയത്. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് നാട്ടിലെ കുടുംബവുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പിൽ മറ്റൊരു മലയാളി ഡ്രൈവറായ അബ്ദുൽ റഷീദിനായിരുന്നു 25 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം ലഭിച്ചത്.