റാസൽഖൈമ : മാധ്യമരംഗത്തെ വളർന്നുവരുന്ന യുവ പ്രതിഭകളെ ശാക്തീകരിക്കുന്നതിനായി സംഘടിപ്പിച്ച ‘ഹാർട്ട് ഓഫ് റാക് ജൂനിയർ റിപ്പോർട്ടർ’ (Junior Reporter Programme) പദ്ധതിയുടെ ആദ്യ ബാച്ചിന്റെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. റാസൽഖൈമ ഗവൺമെന്റ് മീഡിയ ഓഫീസും (RAKGMO) അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമയും (AURAK) സംയുക്തമായാണ് ആദരിക്കൽ ചടങ്ങുകൾ സംഘടിപ്പിച്ചത്.
2025 ഒക്ടോബറിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 സർവ്വകലാശാല വിദ്യാർത്ഥികൾക്ക് അധ്യയന വർഷത്തിലുടനീളം യുഎഇയിലെയും റാസൽഖൈമയിലെയും 15-ലധികം പ്രമുഖ പരിപാടികളും വികസനങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്യാനുള്ള പ്രായോഗിക പരിശീലനം ലഭിച്ചിരുന്നു. മികച്ച സ്റ്റോറി ടെല്ലിംഗ്, പ്രേക്ഷക സ്വാധീനം എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലാണ് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകിയത്.
റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ ദീർഘവീക്ഷണത്തിന് അനുസൃതമായി യുവാക്കൾക്ക് മാധ്യമരംഗത്ത് മികച്ച പ്രായോഗിക പരിചയം നൽകാൻ ഈ പദ്ധതിയിലൂടെ സാധിച്ചുവെന്ന് റാസൽഖൈമ ഗവൺമെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഹെബ ഫതാനി പറഞ്ഞു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം യഥാർത്ഥ തൊഴിൽ മേഖലയിലെ അനുഭവങ്ങൾ പകർന്നുനൽകാൻ ഇത്തരം പങ്കാളിത്തങ്ങൾ സഹായിക്കുമെന്ന് ഒരാക് പ്രസിഡന്റ് പ്രൊഫസർ ബസ്സാം അലാമദ്ദീനും വ്യക്തമാക്കി.