ദുബായ് : അറബ് ലോകത്തെ പോഡ്കാസ്റ്റ് മേഖലയുടെ വളർച്ച ലക്ഷ്യമിട്ടും ഈ രംഗത്തെ പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി ദുബായ് പ്രസ് ക്ലബ് (DPC) ‘അറബ് പോഡ്കാസ്റ്റ് പ്രോഗ്രാമിന്റെ’ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. അറബിയിൽ മികച്ച രീതിയിൽ ഓഡിയോ, വീഡിയോ ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ ആവശ്യമായ പ്രൊഫഷണൽ, ക്രിയേറ്റീവ്, സാങ്കേതിക വൈദഗ്ദ്ധ്യം യുവാക്കൾക്ക് പകർന്നുനൽകുകയാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം. ജൂലൈ 13 മുതൽ മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം ദുബായ് പ്രസ് ക്ലബ് ആസ്ഥാനത്താണ് നടക്കുക.
യുഎഇയിൽ താമസിക്കുന്ന 18-നും 35-നും ഇടയിൽ പ്രായമുള്ള, മികച്ച അറബിക് ആശയവിനിമയ ശേഷിയുള്ളവർക്കാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം. പ്രോഗ്രാമിന്റെ ഭാഗമായി പൂർത്തിയാക്കുന്ന പ്രോജക്ടുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് മികച്ച വിജയികളെ സെപ്റ്റംബറിൽ നടക്കുന്ന അറബ് മീഡിയ സമ്മിറ്റിലെ ‘ദുബായ് പോഡ്ഫെസ്റ്റ് 2026’-ൽ പ്രഖ്യാപിക്കും. താല്പര്യമുള്ളവർക്ക് 2026 ജൂലൈ 12 വരെ ദുബായ് പ്രസ് ക്ലബ് ഔദ്യോഗിക വെബ്സൈറ്റ് (dpc.org.ae) വഴി അപേക്ഷിക്കാം.