ദുബായ് : ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നഗരഭംഗി വർദ്ധിപ്പിക്കുന്നതിനുമായി ദുബായ് മുനിസിപ്പാലിറ്റിയുടെ മൂന്ന് പുതിയ മെഗാ പ്രോജക്ടുകൾ പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ‘ദുബായ് ഫാൽക്കൺ മാർക്കറ്റ്’, ‘ദുബായ് ക്രീക്ക് ലൈറ്റിംഗ് പ്രൊജക്റ്റ്’, ലോകത്തിലെ ആദ്യത്തെ എഐ രൂപകൽപ്പന ചെയ്ത പാർക്ക് (AI-designed park) എന്നിവയാണ് പുതിയ പദ്ധതികൾ. ജൂൺ 25-ന് എക്സ് (X) പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
പൈതൃകവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിൽ ദുബായ് ക്രീക്ക് ലൈറ്റിംഗ് പ്രൊജക്റ്റ് ചരിത്രപ്രസിദ്ധമായ ദുബായ് ക്രീക്കിന്റെ 8 കിലോമീറ്റർ ഭാഗത്തെ അത്യാധുനിക വെളിച്ച സംവിധാനങ്ങളാൽ മനോഹരമാക്കും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റയും ഉപയോഗിച്ച് നിർമ്മിക്കുന്ന പാർക്ക് പൊതുഇടങ്ങളുടെ ഭാവി രൂപരേഖ മാറ്റിയെഴുതും. ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ മികച്ച അനുഭവം നൽകാൻ ഈ പുതിയ നൂതന ആശയങ്ങളിലൂടെ സാധിക്കുമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
Tag: