അബുദാബി : തലസ്ഥാന നഗരിയിലെ പ്രവാസികൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് അബുദാബിയിലെ വാടക വർദ്ധനവിന്റെ പരിധി (Rent Cap) അഞ്ച് ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനമായി കുറച്ചു. അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ (ADREC) പുറപ്പെടുവിച്ച ഈ പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു.
ഇതനുസരിച്ച്, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ വിഭാഗങ്ങളിലെ എല്ലാ പ്രോപ്പർട്ടികൾക്കും താൽക്കാലികമായി വാടക വർദ്ധിപ്പിക്കാൻ പാടില്ല. നിലവിലുള്ള കരാറുകൾ പുതുക്കുമ്പോഴും (Lease Renewals), നേരത്തെ വാടകയ്ക്ക് നൽകിയിരുന്ന വീടുകളോ കെട്ടിടങ്ങളോ പുതിയ വാടകക്കാർക്ക് നൽകുമ്പോഴും ഏറ്റവും ഒടുവിൽ രജിസ്റ്റർ ചെയ്ത ‘തൗതീഖ്’ (Tawtheeq) കരാറിലെ തുക തന്നെയായിരിക്കണം അടിസ്ഥാന നിരക്കായി കണക്കാക്കേണ്ടത്. അതായത്, കഴിഞ്ഞ വർഷം നൽകിയ വാടകയിൽ നിന്നും ഒരു ദിർഹം പോലും കൂട്ടാൻ ഭൂവുടമകൾക്ക് നിയമപരമായി സാധിക്കില്ല.
തലസ്ഥാനത്ത് അടുത്തിടെ വാടക നിരക്കുകൾ വൻതോതിൽ ഉയർന്ന സാഹചര്യത്തിലാണ് വിപണിയിൽ സ്ഥിരത ഉറപ്പാക്കാനും വാടകക്കാരെ സംരക്ഷിക്കാനുമായി സർക്കാർ ഈ അടിയന്തര ഇടപെടൽ നടത്തിയത്. എന്നാൽ അബുദാബി ഗ്ലോബൽ മാർക്കറ്റിന്റെ (ADGM) പരിധിയിൽ വരുന്ന അൽ മർയ ഐലൻഡ്, റീം ഐലൻഡ് തുടങ്ങിയ ഫ്രീസോൺ മേഖലകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഈ നിയമം ലംഘിച്ച് ഏതെങ്കിലും ഭൂവുടമകൾ വാടക കൂട്ടാൻ ആവശ്യപ്പെട്ടാൽ adrec.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പരാതിപ്പെടാമെന്ന് അധികൃതർ അറിയിച്ചു.