ദുബായ് : ഹോളിവുഡ് സിനിമാലോകം ഏറെ കാത്തിരിക്കുന്ന ‘ഡ്യൂൺ: പാർട്ട് ത്രീ’ (Dune: Part Three) സിനിമയുടെ ആദ്യ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഓസ്കാർ പുരസ്കാരങ്ങൾ നേടിയ സയൻസ് ഫിക്ഷൻ പരമ്പരയുടെ അവസാന ഭാഗമാണിത്. പ്രധാന കഥാപാത്രങ്ങളായ പോളും ചാനിയും (ടിമോത്തി ഷാലമേ, സെൻഡയ) തമ്മിലുള്ള വൈകാരികമായ തർക്കങ്ങളാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.
സിനിമയിലെ സാങ്കൽപിക ഗ്രഹമായ ‘അരാക്കിസ്’ ആയി ചിത്രത്തിൽ വീണ്ടും പശ്ചാത്തലമാകുന്നത് യുഎഇയിലെ അബുദാബിയിലുള്ള ലിവ മരുഭൂമിയാണ് (Liwa Desert). തുടർച്ചയായ മൂന്നാം തവണയാണ് ഡ്യൂൺ സിനിമകൾക്കായി അബുദാബിയിൽ ചിത്രീകരണം നടക്കുന്നത്. ലിവ മരുഭൂമിയിൽ 31 ദിവസങ്ങളിലായി നടന്ന ഷൂട്ടിംഗിൽ അഞ്ഞൂറിലധികം പ്രാദേശിക അണിയറപ്രവർത്തകരും യുഎഇ നിവാസികളും പങ്കാളികളായി. വൻ താരനിര അണിനിരക്കുന്ന ചിത്രം ഡിസംബർ 16-ന് അന്താരാഷ്ട്ര തലത്തിൽ തിയേറ്ററുകളിലെത്തും.