ബഹിരാകാശം, സാങ്കേതികവിദ്യ, മനുഷ്യരാശിയുടെ ഭാവി എന്നീ വിഷയങ്ങളിൽ ഇലോൺ മസ്കുമായി നടത്തിയ ബഹുമുഖ ചർച്ച ഏറെ ആസ്വദിച്ചതായി ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (ഫസ) വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഭാവി എന്തെല്ലാം സാധ്യതകൾ തുറന്നുവെക്കുമെന്നത് കാണാനാകുമെന്ന ആവേശവും അദ്ദേഹം പങ്കുവച്ചു.
UAE News
ഫാസ്റ്റ് ലെയ്നിലെ ‘പതുക്കെ പോക്ക്’ നടക്കില്ല
നിയമം ലംഘിച്ചാൽ 400 ദിർഹംസ് പിഴയുമായി ദുബായ് പൊലീസ്
ദുബായ്: ദുബായിലെ അതിവേഗ പാതകളിൽ ഏറ്റവും ഇടതവശത്തെ വരിയിലൂടെ (Fast Lane) അലക്ഷ്യമായി വാഹനം ഓടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഫാസ്റ്റ് ലെയ്നിലൂടെ കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കുകയും പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴി നൽകാതിരിക്കുകയും ചെയ്യുന്നത് നിയമലംഘനമാണെന്നും ഇത്തരം ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
ഏറ്റവും ഇടതവശത്തെ വരി ഓവർടേക്കിംഗിന് മാത്രമുള്ളതാണെന്നും, കൃത്യമായ വേഗതയിലാണെങ്കിൽ പോലും പിന്നിൽ നിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് വരി മാറി നൽകേണ്ടത് നിർബന്ധമാണെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഫാസ്റ്റ് ലെയ്നിലെ വേഗതക്കുറവ് ഗതാഗത തടസ്സമുണ്ടാക്കുക മാത്രമല്ല, ഗുരുതരമായ വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും പൊലീസ് നിരീക്ഷിക്കുന്നു.
10 വയസിനു താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്താൻ പാടില്ല-
നിയമം ലംഘിച്ചാൽ 400 ദിർഹംസ് പിഴ;
കർശന നിർദ്ദേശങ്ങളുമായി അജ്മാൻ പോലീസ്
അജ്മാൻ:വാഹനയാത്രയ്ക്കിടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിർദ്ദേശങ്ങളുമായി അജ്മാൻ പോലീസ്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. 145 സെന്റീമീറ്ററിൽ കുറവ് ഉയരമുള്ള കുട്ടികൾക്കും മുൻസീറ്റിൽ ഇരുന്നുള്ള യാത്ര അനുവദനീയമല്ല.
നിയമം ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്ന് 400 ദിർഹംസ് പിഴയായി ഈടാക്കും.
വാഹനത്തിന് കേടുപാടുകൾ പറ്റിയോ നമ്പർ പ്ലേറ്റ് നഷ്ടമായോ?
‘To Whom It May Concern’ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
ദുബായിലെ മഴയിലോ മറ്റ് സാഹചര്യങ്ങളിലോ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെടുകയോ ചെയ്തവർ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനും പുതിയ പ്ലേറ്റ് ലഭിക്കുന്നതിനും ‘To Whom It May Concern’ (TWIMC) സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങിയിരിക്കണം.
ചെയ്യേണ്ട കാര്യങ്ങൾ:
അപേക്ഷ സമർപ്പിക്കുക:
ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് (dubaipolice.gov.ae) സന്ദർശിക്കുക അല്ലെങ്കിൽ Dubai Police App ഡൗൺലോഡ് ചെയ്യുക. ശേഷം ഹോം പേജിലെ ‘Certificate Services’ എന്നതിൽ നിന്ന് ‘To Whom It May Concern’ എന്നത് തിരഞ്ഞെടുക്കുക. എമിറേറ്റ്സ് ഐഡി, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ എന്നിവ നൽകുക.കേടുപാടുകൾ സംഭവിച്ച വാഹനത്തിന്റെ ഫോട്ടോകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 95 ദിർഹം ആണ് ഈ സർട്ടിഫിക്കറ്റിനായി ഈടാക്കുന്ന ഫീസ്. ഇത് ഓൺലൈനായി അടയ്ക്കാം.
സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനികളെ സമീപിച്ച് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം.
നമ്പർ പ്ലേറ്റ് ലഭിക്കാൻ: പോലീസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം RTA വഴി പുതിയ നമ്പർ പ്ലേറ്റിന് അപേക്ഷിക്കാം.
നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമായതിനാൽ, പ്ലേറ്റ് നഷ്ടപ്പെട്ടവർ എത്രയും വേഗം ഈ സർട്ടിഫിക്കറ്റ് വാങ്ങി പുതിയ പ്ലേറ്റിനായി അപേക്ഷിക്കേണ്ടതാണ്.
അബുദാബിയിൽ ഗതാഗത നിയന്ത്രണംഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്ക് സ്ട്രീറ്റ് ഡിസംബർ 22 വരെ ഭാഗികമായി അടച്ചിടും
അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് സ്ട്രീറ്റിൽ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 22 തിങ്കളാഴ്ച വരെയാണ് നിയന്ത്രണമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. ഈ കാലയളവിൽ റോഡിന്റെ ചില ഭാഗങ്ങൾ അടച്ചിടുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് താൽക്കാലികമായി അടച്ചിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി വീണ്ടും തുറന്നു. ഇന്ന് വൈകുന്നേരം 4 മണി മുതലാണ് പ്രവേശനം ആരംഭിച്ചത്. മഴ മാറിയ സാഹചര്യത്തിൽ സന്ദർശകർക്ക് സുരക്ഷിതവും സന്തോഷകരവുമായ അനുഭവം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
ഗ്ലോബൽ വില്ലേജിന് പുറമെ, ദുബായിലെയും അബുദാബിയിലെയും പ്രധാന ബീച്ചുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
വില്ലയിൽ നിന്ന് എയർകണ്ടീഷണറുകൾ മോഷ്ടിച്ചു; പ്രതിക്ക് ഒരു വർഷം തടവും 1.3 ലക്ഷം ദിർഹംസ് പിഴയും വിധിച്ച് ദുബായ് കോടതി
ദുബായിലെ ഒരു വില്ലയിൽ അതിക്രമിച്ചു കയറി എയർകണ്ടീഷണറുകൾ മോഷ്ടിച്ച കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് ദുബായ് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ 1,30,000 ദിർഹം പിഴയായും നൽകണം.
റാസൽഖൈമയിൽ ശക്തമായ കൊടുങ്കാറ്റ് കനത്ത മഴ
മലയാളി യുവാവ് മരിച്ചു
മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും പെട്ട് റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട ഇദ്ദേഹം സുരക്ഷയ്ക്കായി നിർമ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിൽ അഭയം തേടിയതായിരുന്നു. എന്നാൽ കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റാസൽഖൈമയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇത് വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്.
യുഎഇയുടെ വടക്കൻ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയും ഇടിമിന്നലും രാജ്യത്തെ മറ്റ് എമിറേറ്റുകളിലേക്കും വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം (MOI) ഔദ്യോഗികമായി അറിയിച്ചു. ഡിസംബർ 19 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
കാത്തിരുന്നത് അഞ്ചു വർഷങ്ങൾ
ഒടുവിൽ ഭാഗ്യദേവത കനിഞ്ഞു
പ്രവാസി മലയാളി നഴ്സിന് ബിഗ് ടിക്കറ്റിൽ ഒരു ലക്ഷം ദിർഹംസ് സമ്മാനം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി നഴ്സിന് ഭാഗ്യത്തിന്റെ കൈത്താങ്ങ്. അജ്മാനിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന 40 വയസ്സുകാരി ടിന്റു ജെസ്മോനാണ് ബിഗ് ടിക്കറ്റ് സീരീസ് 281-ൽ ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം രൂപ) സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസിയായ ടിന്റു, കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി ഭാഗ്യപരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ചേർന്നാണ് ടിന്റു ഈ ഭാഗ്യ ടിക്കറ്റ് എടുത്തത്. അതിനാൽ ലഭിച്ച സമ്മാനത്തുക തന്നോടൊപ്പം ചേർന്ന പത്തുപേർക്കുമായി തുല്യമായി വീതിച്ചു നൽകുമെന്ന് അവർ അറിയിച്ചു. തന്റെ അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച ഈ വലിയ വിജയം ഏറെ സന്തോഷം നൽകുന്നതാണെന്നും ടിന്റു കൂട്ടിച്ചേർത്തു.