Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 11:56 AM

മിലാനെ പൊളിച്ചടുക്കി ദുബായ് ബാസ്കറ്റ്ബോൾ; യൂറോ ലീഗിൽ കിടിലൻ ജയം

by Raneesha Razak
ഇറ്റലി: യൂറോ ലീഗ് ബാസ്കറ്റ്ബോൾ റെഗുലർ സീസണിലെ ആറാം റൗണ്ടിൽ ഒളിമ്പിയ മിലാനെ കീഴടക്കി ദുബായ് ബാസ്കറ്റ്ബോൾ ടീം തുടർച്ചയായ രണ്ടാം എവേ വിജയം സ്വന്തമാക്കി. അസ്സാഗോ ഫോറത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 101–97 എന്ന സ്കോറിനാണ് ദുബായ് മിലാനെ തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ ബാസ്കോണിയയെ തോൽപ്പിച്ചതിന് പിന്നാലെ യൂറോ ലീഗിലെ കരുത്തരായ രണ്ട് ടീമുകൾക്കെതിരെ എവേ മത്സരങ്ങളിൽ വിജയം പൂർത്തിയാക്കാൻ ദുബായിക്കായി.
തുടക്കത്തിൽ 11 പോയിന്റുകളുടെ ലീഡ് നേടി മിലാൻ മുന്നിലെത്തിയെങ്കിലും, കോച്ച് പാസ്ക്വലിന്റെ തന്ത്രങ്ങളും ബെക്കണിന്റെ മിന്നുന്ന പ്രകടനവും ദുബായിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. ആദ്യ ക്വാർട്ടറിൽ മാത്രം ഒരു ഷോട്ട് പോലും പാഴാക്കാതെ 14 പോയിന്റുകൾ നേടിയ ബെക്കൺ ദുബായിക്ക് ആറ് പോയിന്റ് ലീഡ് നൽകി. രണ്ടാം ക്വാർട്ടറിൽ എലീ ഒക്കോബോയും കബെൻഗലെയും മികച്ച പ്രകടനം പുറത്തെടുത്തതോടെ പകുതി സമയത്ത് ദുബായ് ഏഴ് പോയിന്റ് ലീഡ് നിലനിർത്തി.
തുടർന്ന് തകർപ്പൻ മുന്നേറ്റം നടത്തിയ ദുബായ് അവസാന ക്വാർട്ടറിൽ ഒരു ഘട്ടത്തിൽ 20 പോയിന്റുകളുടെ കൂറ്റൻ ലീഡ് നേടിയിരുന്നു. എന്നാൽ അവസാന മിനിറ്റുകളിൽ കടുത്ത തിരിച്ചുവരവ് നടത്തിയ മിലാൻ ലീഡ് രണ്ട് പോയിന്റായി കുറച്ചു. എന്നാൽ നിർണായക ഘട്ടത്തിൽ ഫ്രീ ത്രോകൾ ലക്ഷ്യത്തിലെത്തിച്ച ബെക്കൺ ദുബായിയുടെ വിജയം ഉറപ്പിച്ചു. ദുബായിക്കായി ബെക്കൺ 29 പോയിന്റുകളും കബെൻഗലെ 18 പോയിന്റുകളും ബ്ലോസം ഗെയിം 14 പോയിന്റുകളും നേടി.

You may also like