9
അബുദാബി : അതിവേഗം വളരുന്ന നഗരമാണ് അബുദാബി. ആധുനിക കെട്ടിടങ്ങളും അതിവേഗം മാറുന്ന ചുറ്റുപാടുകളും നിമിഷനേരംകൊണ്ട് ക്യാമറകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണിത്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫിലിം ക്യാമറകളിൽ ചിത്രങ്ങൾ പകർത്തി, ദിവസങ്ങളോളം കാത്തിരുന്ന് ഫലം കാണുന്ന ശീലം അബുദാബിയിലെ യുവതീപ്രവർത്തകർക്കിടയിൽ ജനപ്രിയമാവുന്നു.
പഴയകാല ഓർമ്മകളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ആണ് പലർക്കും ഇതിലേക്കുള്ള പ്രചോദനം ലഭിച്ചത്. എമിറാത്തി സംരംഭകയും കണ്ടുപിടുത്തക്കാരിയുമായ ഫാത്തിമ അൽ കഅബി മിഡിൽ സ്കൂൾ കാലഘട്ടത്തിലാണ് ഇൻസ്റ്റക്സ് മിനി (Instax Mini) ക്യാമറയിലൂടെയും സുഹൃത്തുക്കളുടെ ചിത്രങ്ങൾ എടുത്തും അനലോഗ് ഫോട്ടോഗ്രാഫിലേക്ക് കടന്നുവരുന്നത്. മുത്തശ്ശന്റെ പഴയ ഫോട്ടോ ശേഖരമാണ് തനിക്ക് പ്രചോദനമായതെന്ന് അവർ പറയുന്നു. ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം കൊണ്ട് സ്വന്തമായി വീട്ടിൽ ഫൊട്ടോകൾ ഡെവലപ്പ് ചെയ്യുന്ന അമ്മാവനാണ് തന്റെ പ്രചോദനമെന്ന് മറ്റൊരു എമിറാത്തി യുവതിയായ ഫാത്തിമ അൽ മരറും വ്യക്തമാക്കുന്നു.