13
കാൽബ : യുഎഇയുടെ കിഴക്കൻ തീരത്തെ സമുദ്ര, ഭക്ഷണ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക ഉൽപ്പാദകർക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ കൂടി ലക്ഷ്യമിട്ട് കാൽബയിൽ ആദ്യമായി ‘ജാഷെ ആൻഡ് സഹ്‍ന ഫെസ്റ്റിവൽ’ (Jashe and Sahnah Festival) ആരംഭിച്ചു. പ്രാദേശികമായ തനിമയോടെയുള്ള ഉൽപ്പന്നങ്ങളെ പുതിയ വിപണിയിലെത്തിക്കാനാണ് ഈ മേള ലക്ഷ്യമിടുന്നത്.
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും (SCCI) കാൽബ സിറ്റി മുനിസിപ്പാലിറ്റിയുടെയും സംയുക്ത സഹകരണത്തോടെ കാൽബയിലെ അൽ ഗൈൽ സബ്ബേർബിലെ അൽ സമർ പ്രദേശത്താണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 വരെയാണ് മേള നടക്കുന്നത്.
പരമ്പരാഗതമായി വെയിലത്തുണക്കിയ മീനായ ‘ജാഷെ’യും, പുളിപ്പിച്ച മീൻ വിഭവമായ ‘സഹ്‍ന’യും കേന്ദ്രീകരിച്ചാണ് ഈ മേള നടക്കുന്നത്. 4,800 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ നാലു ദിവസത്തെ മേളയിൽ പരമ്പരാഗത സമുദ്ര വിഭവങ്ങളിൽ വിദഗ്ധരായ 85-ലധികം കുടുംബങ്ങളും, 10 സർക്കാർ സ്ഥാപനങ്ങളും, 6 ഫിഷിംഗ് സപ്ലൈസ് കമ്പനികളും പങ്കെടുക്കുന്നുണ്ട്.
ചെറിയ ‘അൽ ഉമ മീൻ’ വൃത്തിയാക്കി വെയിലത്തുണക്കുന്നത് മുതൽ സുഗന്ധവ്യഞ്ജനങ്ങളും ഉണങ്ങിയ നാരങ്ങയും ചേർത്ത് പൊടിച്ചെടുത്ത് ‘സഹ്‍ന’ പൗഡർ ഉണ്ടാക്കുന്നത് വരെയുള്ള പരമ്പരാഗത നിർമ്മാണ രീതികൾ സന്ദർശകർക്ക് നേരിട്ട് കാണാൻ സാധിക്കും. പാരമ്പര്യം സംരക്ഷിക്കുന്നതിനോടൊപ്പം പ്രാദേശിക സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും വികസിപ്പിക്കാനുമുള്ള വലിയ അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. കൂടാതെ, പങ്കെടുക്കുന്നവർക്കായി വിവിധ മത്സരങ്ങളും ആകർഷകമായ ക്യാഷ് പ്രൈസുകളും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.