10
അബുദാബി : എമിറേറ്റിൽ സ്തനാർബുദത്തിനായുള്ള പ്രാരംഭ പരിശോധനാ നിരക്ക് കഴിഞ്ഞ വർഷം 85% വർദ്ധിച്ചതായി കണക്കുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ അബുദാബിയിലെ മൂന്ന് പ്രമുഖ ആശുപത്രികളെ സ്തനാർബുദ പരിചരണത്തിനുള്ള ‘സെന്റർ ഓഫ് എക്സലൻസ്’ (Centres of Excellence) ആയി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പാണ് (DoH) ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ബർജീൽ മെഡിക്കൽ സിറ്റിയിലെ ബർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബി, സേഹ തവാം ഹോസ്പിറ്റൽ എന്നിവയാണ് പുതിയ കേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ടത്. രോഗനിർണയം, ചികിത്സ, പുനരധിവാസം, ചികിത്സയ്ക്കു ശേഷമുള്ള പരിചരണം തുടങ്ങിയ വിവിധ മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ആശുപത്രികൾക്കാണ് ഈ അംഗീകാരം ലഭിക്കുന്നത്. യുഎഇയിലെ സ്ത്രീകളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം എന്നതിനാൽ, രോഗം നേരത്തെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിൽ ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം നിർണായകമാകും.