28
ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) 2026-ൽ സവിശേഷമായ പവലിയനുമായി ദുബായ് പോലീസ് പങ്കെടുക്കുന്നു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റാണ് ഇതിന് നേതൃത്വം നൽകുന്നത്. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിലെ ടൂറിസ്റ്റ് പോലീസിന്റെ പങ്കും, ദുബായ് പോലീസിന്റെ നൂതന സ്മാർട്ട് സേവനങ്ങളും പ്രദർശിപ്പിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.
പ്രധാന അന്താരാഷ്ട്ര വേദികളിൽ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് പോലീസ് എല്ലാ വർഷവും എടിഎമ്മിൽ പങ്കെടുക്കുന്നതെന്ന് സിഐഡി ഡയറക്ടർ ബ്രിഗേഡിയർ സയീദ് അൽ ഹജ്‌രി വ്യക്തമാക്കി. സന്ദർശകരുമായി നേരിട്ട് സംവദിക്കാനും ടൂറിസം മേഖലയിലെ പങ്കാളികളുമായി സഹകരണം ശക്തമാക്കാനും ഇത്തരം വേദികൾ സഹായിക്കുമെന്ന് ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുൽറഹ്മാൻ പറഞ്ഞു. ദുബായ് പോലീസ് ആപ്പ്, ട്രാവൽ ബാൻ സേവനങ്ങൾ, പോലീസ് ഐ, ടൂറിസ്റ്റ് സപ്പോർട്ട്, സ്മാർട്ട് ലോസ്റ്റ് ആൻഡ് ഫൗണ്ട് സിസ്റ്റം തുടങ്ങിയ വിവിധ സ്മാർട്ട് സേവനങ്ങൾ സന്ദർശകർക്ക് ഇവിടെ പരിചയപ്പെടാം. കൂടാതെ ഇസാദ് കാർഡ് ഓഫറുകളും സൈബർ സുരക്ഷാ ബോധവൽക്കരണ സെഷനുകളും പവലിയനിൽ ഒരുക്കിയിട്ടുണ്ട്.