Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 01:32 AM

‘കല്യാണി’ക്ക് സ്നൂപ് ഡോഗിന്റെ കയ്യടി; ആഗോള ഹിറ്റിന് പിന്നിൽ ദുബായ് മലയാളി ലെൻ പ്രസാദ്

by Raneesha Razak

ദുബായ് : സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘കല്യാണി’ (Kalyani) എന്ന ഇൻഡിപെൻഡന്റ് മലയാളം ഗാനത്തിന് ആഗോളതലത്തിൽ വൻ സ്വീകാര്യത. ഹിപ്-ഹോപ്പ് സംഗീത ലോകത്തെ ഇതിഹാസം സ്നൂപ് ഡോഗ് (Snoop Dogg) തന്റെ സോഷ്യൽ മീഡിയ പേജിൽ ഈ ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചതോടെയാണ് ‘കല്യാണി’ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. ദുബായിൽ ജനിച്ച് വളർന്ന ചലച്ചിത്ര പ്രവർത്തകനും ഈ മ്യൂസിക് വീഡിയോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ലെൻ പ്രസാദ് വഴിയാണ് ഗാനം സ്നൂപ് ഡോഗിലേക്ക് എത്തിയത്. സ്നൂപ് ഡോഗിന്റെ മകൻ തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന് വീഡിയോ അയച്ചുകൊടുത്തത് വഴിയാണ് സ്നൂപ് ഡോഗ് ഇത് കാണാനിടയായതെന്നും ലെൻ പ്രസാദ് പറഞ്ഞു.

സ്‌പോട്ടിഫൈയിൽ മാത്രം 9.3 കോടിയിലധികം (93 Million) സ്ട്രീമിംഗുകൾ വാരിക്കൂട്ടിയ ഈ ഗാനം, ബോളിവുഡ് ഗായിക ശ്രേയ ഘോഷാലിന്റെ ശബ്ദത്തിലാണ് ഇപ്പോൾ പുതിയ പതിപ്പായി പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മ്യൂസിക് വീഡിയോയിൽ പ്രശസ്ത നടി സാനിയ ഇയ്യപ്പനാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. ബിറ്റ്‌സ് പിലാനി ദുബായിൽ നിന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷം സിനിമാ മോഹവുമായി മുംബൈയിലെത്തിയ ലെൻ പ്രസാദ്, ‘ട്രാൻസ്’, ‘വരത്തൻ’, ‘പറവ’ തുടങ്ങിയ പ്രശസ്ത മലയാള സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ താരം മുഹമ്മദ് റമദാന്റെ ‘വേർസേസെ ബേബി’ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തതും ലെൻ ആണ്. പൂർണ്ണമായും കൊച്ചിയിൽ ചിത്രീകരിച്ച ‘കല്യാണി’യുടെ പുതിയ മ്യൂസിക് വീഡിയോ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്നുള്ള ബ്രാൻഡ് ഇന്റഗ്രേഷൻ വഴിയാണ് ഉയർന്ന നിർമ്മാണ നിലവാരത്തോടെ ഒരുക്കിയത്. ലാംഗ്വേജ് ബാരിയറുകൾ ഭേദിച്ച് പാകിസ്ഥാനിൽ നിന്നുള്ളവർ വരെ ഈ ഗാനത്തെ നെഞ്ചിലേറ്റിയതായി ലെൻ പ്രസാദ് കൂട്ടിച്ചേർത്തു.

You may also like