ദുബായ് : യുഎഇ തൊഴിൽ വിപണിയുടെ സുരക്ഷിതത്വവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി ശമ്പള സംരക്ഷണ സംവിധാനത്തിൽ (WPS) കൂടുതൽ സുപ്രധാന പരിഷ്കാരങ്ങളുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). തൊഴിലുടമകൾക്ക് മേൽ പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കാതെ, നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കാനും ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് പുതിയ തീരുമാനം സഹായിക്കുക. ബിസിനസ്സ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ പോരായ്മകൾ തിരുത്താനും നിയമങ്ങൾ പൂർണ്ണമായി പാലിക്കാനും പുതിയ മാറ്റങ്ങൾ കൂടുതൽ സമയം നൽകുന്നു.
തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ബിസിനസ്സ് സുസ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്കാരം. ശമ്പളം വൈകുന്ന കേസുകൾ വേഗത്തിൽ കണ്ടെത്തി പരിഹരിക്കാൻ മന്ത്രാലയത്തിന് ഇത് കൂടുതൽ സഹായകരമാകും. ശമ്പളം വൈകുന്ന സാഹചര്യമുണ്ടായാൽ ഉടൻ തന്നെ കമ്പനികൾക്ക് ഇലക്ട്രോണിക് സംവിധാനം വഴി മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കും. നിയമപരമായ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ കമ്പനികൾക്ക് തങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ ഇതിലൂടെ മതിയായ സമയം ലഭിക്കും. പുതിയ നിയമപ്രകാരം ഒരു സ്ഥാപനം അതിന്റെ ജീവനക്കാർക്ക് നൽകേണ്ട ആകെ ശമ്പളത്തിന്റെ കുറഞ്ഞത് 85 ശതമാനമെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ബാങ്ക് വഴി കൈമാറിയാൽ ആ സ്ഥാപനം കൃത്യമായി നിയമം പാലിക്കുന്നതായി (Compliant) കണക്കാക്കും. കമ്പനികളുടെ പ്രവർത്തന യാഥാർത്ഥ്യങ്ങളെ മാനിച്ചുകൊണ്ടുള്ള വലിയൊരു ഇളവാണിത്. നിലവിൽ പ്രതിമാസം 37 ബില്യൺ ദിർഹത്തിലധികം (3700 കോടി ദിർഹം) ശമ്പള ഇടപാടുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന ഡബ്ല്യുപിഎസ് സംവിധാനം, യുഎഇയുടെ സാമ്പത്തിക വളർച്ചയിലും ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്.