Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 06:09 PM

പെരുന്നാൾ ആശംസകളുമായി യുഎഇ ഭരണാധികാരികൾ

by Raneesha Razak

യുഎഇ : ഗൾഫ് ലോകം ബലിപെരുന്നാൾ പുണ്യത്തിൽ മുഴുകിയതോടെ യുഎഇയിലെ വിവിധ മോസ്കുകളിൽ രാജ്യത്തിന്റെ ഭരണാധികാരികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. ‘ആത്മാർത്ഥതയും ത്യാഗവുമാണ് നമ്മുടെ പെരുന്നാൾ’ എന്ന പ്രമേയത്തിൽ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരെ നിർവഹിച്ച പെരുന്നാൾ സന്ദേശത്തിന് പ്രസിഡന്റും മറ്റ് പ്രമുഖരും സാക്ഷ്യം വഹിച്ചു. നമസ്കാരത്തിന് ശേഷം പള്ളിയിലുണ്ടായിരുന്ന വിശ്വാസികളുമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പെരുന്നാൾ ആശംസകൾ കൈമാറുകയും യുഎഇയുടെ സ്ഥാപക നേതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണയ്ക്ക് മുന്നിൽ അൽ ഫാത്തിഹ ഓതി പ്രാർത്ഥിക്കുകയും ചെയ്തു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിനും രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും പെരുന്നാൾ ആശംസകൾ നേർന്നു. വിവിധ എമിറേറ്റുകളിലെ സുപ്രീം കൗൺസിൽ അംഗങ്ങളും ഭരണാധികാരികളും അതത് എമിറേറ്റുകളിലെ പ്രധാന ഈദ്ഗാഹുകളിലും മോസ്കുകളിലും പ്രാർത്ഥനകളിൽ പങ്കുചേർന്നു. യുഎഇ എന്ന രാജ്യത്തെ തങ്ങളുടെ വീടായി കാണുന്ന എല്ലാവർക്കും ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് യുഎഇ പ്രസിഡന്റ് തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ ആശംസിച്ചു. വിവിധ അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ ഭരണാധികാരികളുമായും യുഎഇ നേതാക്കൾ ആശംസകൾ കൈമാറിയിട്ടുണ്ട്. പെരുന്നാൾ പ്രമാണിച്ച് തടവുകാർക്ക് ജയിൽ മോചനം അടക്കമുള്ള ജീവകാരുണ്യ നടപടികളും യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

You may also like