Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:01 AM

ശമ്പളം, സാലിക്കിനും പാർക്കിംഗിനും വാറ്റ്; യുഎഇയിൽ ജൂൺ 1 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ

by Raneesha Razak

യുഎഇ : ഈദ് അൽ അദ്ഹ അവധി കഴിഞ്ഞ് ജൂൺ ഒന്നിന് ആളുകൾ ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ യുഎഇയിലെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ശമ്പള വിതരണം, ടാക്സ് നിരക്കുകൾ, പാർക്കിംഗ് ഫീസ് അടയ്ക്കുന്ന രീതി എന്നിവയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങൾ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരെയും വാഹന ഉടമകളെയും നേരിട്ട് ബാധിക്കുന്നതാണ്.

ജൂൺ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാനപ്പെട്ട അഞ്ച് മാറ്റങ്ങൾ .

1. ശമ്പള വിതരണത്തിന് കടുത്ത നിബന്ധന

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിനുള്ള വേതന സംരക്ഷണ സംവിധാനം (WPS) കൂടുതൽ ശക്തമാക്കുകയാണ് മന്ത്രാലയം. പുതിയ നിയമപ്രകാരം ഓരോ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തെ ഒന്നാം തീയതിക്കുള്ളിൽ തന്നെ വിതരണം ചെയ്തിരിക്കണം. ഇതിന് ശേഷമുണ്ടാകുന്ന പേയ്മെന്റുകൾ നിയമവിരുദ്ധമായ കാലതാമസമായി കണക്കാക്കും.

2. പാർക്കിംഗ് ഫീസിന്മേൽ 5% വാറ്റ് (VAT)

ദുബായിലെ പൊതു പാർക്കിംഗ് സേവനങ്ങൾക്ക് ജൂൺ 1 മുതൽ 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) ബാധകമാകും. റോഡരികിലെയും അല്ലാതെയുമുള്ള പാർക്കിംഗുകൾ, സീസണൽ പാർക്കിംഗ് കാർഡുകൾ, പ്രത്യേക പെർമിറ്റുകൾ എന്നിവയ്‌ക്കെല്ലാം ഈ നികുതി ബാധകമായിരിക്കും.

3. സാലിക് ടോൾ നിരക്കിലും വർദ്ധനവ്

ദുബായിലെ സാലിക് ടോൾ ഗേറ്റുകളിലൂടെ കടന്നുപോകുമ്പോഴുള്ള ഫീസിലും ടാഗ് ആക്ടിവേഷൻ ചാർജുകളിലും 5 ശതമാനം വാറ്റ് ഈടാക്കിത്തുടങ്ങും. ടോൾ തുക പ്രീപെയ്ഡ് അക്കൗണ്ടുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി കുറയ്ക്കുമ്പോൾ ഈ നികുതിയും ഉൾപ്പെടും.

4. പാർക്കിംഗ് മീറ്ററുകളിൽ ഇനി ക്യാഷ് വാങ്ങില്ല

ഡിജിറ്റലൈസേഷന്റെ ഭാഗമായി ദുബായിലെ ഫിസിക്കൽ പാർക്കിംഗ് മീറ്ററുകളിൽ നാണയങ്ങളോ കറൻസി നോട്ടുകളോ ഉപയോഗിച്ചുള്ള പണമടയ്ക്കൽ രീതി ജൂൺ 1 മുതൽ പൂർണ്ണമായി നിർത്തലാക്കും. ഇനി മുതൽ നോൽ (nol) കാർഡുകൾ, പാർക്കിംഗ് ആപ്പ്, എസ്എംഎസ്, ദുബായ് നൗ ആപ്പ് എന്നിവ വഴി മാത്രമേ പാർക്കിംഗ് ഫീസ് നൽകാനാകൂ.

5. നിയമപരമായ പ്രായപരിധി 18 ആയി കുറച്ചു

പുതിയ സിവിൽ ഇടപാട് നിയമപ്രകാരം യുഎഇയിൽ പ്രായപൂർത്തിയായതായി കണക്കാക്കുന്നതിനുള്ള ഔദ്യോഗിക പ്രായം 21-ൽ നിന്ന് 18 വയസ്സായി കുറച്ചു. ഇതോടെ 18 വയസ്സ് തികഞ്ഞ യുവാക്കൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും നിയമപരമായ കരാറുകളിൽ ഏർപ്പെടാനും പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കും.

You may also like