Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:28 AM

വിദ്യാഭ്യാസ രംഗത്ത് സ്വദേശിവൽക്കരണം ശക്തമാക്കാൻ അബുദാബി; അധ്യാപക തസ്തികകളിൽ വൻ വർദ്ധനവ് ലക്ഷ്യമിട്ട് പുതിയ കരാർ

by Raneesha Razak

അബുദാബി: സ്കൂളുകളിൽ എമിറാത്തി അധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും പങ്കാളിത്തം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിനായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (ADEK) പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പായ അൽദാർ എഡ്യൂക്കേഷനും തമ്മിൽ തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ക്ലാസ് മുറികളിൽ യുഎഇ ദേശീയ അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി വിപുലമായ റിക്രൂട്ട്‌മെന്റ്, പ്രത്യേക പരിശീലനം, ദീർഘകാല കരിയർ വികസന പദ്ധതികൾ എന്നിവ നടപ്പിലാക്കുകയാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം. അൽദാർ ഗ്രൂപ്പിന് കീഴിലുള്ള സ്കൂളുകളിലെ പ്രധാന തസ്തികകളിൽ എമിറാത്തി ജീവനക്കാരുടെ എണ്ണത്തിൽ ഒൻപത് മടങ്ങ് വർദ്ധനവ് രേഖപ്പെടുത്താൻ ഈ പുതിയ സംരംഭത്തിലൂടെ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. യുഎഇയുടെ ദീർഘകാല വിദ്യാഭ്യാസ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്തമാണിത്.

അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് ചെയർമാൻ മുഹമ്മദ് താജ് എദ്ദീൻ അഹമ്മദ് അൽ ഖാദി, അൽദാർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. ഒപ്പുവെക്കൽ ചടങ്ങിൽ വകുപ്പിലെ പ്രൈവറ്റ് എജ്യുക്കേഷൻ ആന്റ് ചാർട്ടർ സ്കൂൾ സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ മറിയം അൽഹല്ലാമി, അൽദാർ എഡ്യൂക്കേഷൻ സിഇഓ സഹർ കൂപ്പർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സ്വദേശികളായ ഉദ്യോഗാർത്ഥികളെ അധ്യാപന മേഖലയിലേക്ക് ആകർഷിക്കാനും അവർക്ക് ആവശ്യമായ ആഗോള നിലവാരത്തിലുള്ള തൊഴിൽ നൈപുണ്യം ലഭ്യമാക്കാനും ഈ കൂട്ടായ്മ വഴി സാധിക്കുമെന്നും ഇത് യുഎഇയിലെ വിദ്യാഭ്യാസ നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു.

You may also like