Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:30 PM

അബുദാബിയിൽ സുരക്ഷാ വിസ്മയം; അന്താരാഷ്ട്ര സുരക്ഷാ പ്രദർശനം ‘ഇസ്‌നർ 2026’ ഷെയ്ഖ് സെയ്ഫ് ഉദ്ഘാടനം ചെയ്തു

by Raneesha Razak

അബുദാബി : ആഗോളതലത്തിലെ സുരക്ഷ, സന്നദ്ധത, സുസ്ഥിരത എന്നിവയുടെ ഭാവി ചർച്ച ചെയ്യുന്ന ഒൻപതാമത് അന്താരാഷ്ട്ര ദേശീയ സുരക്ഷാ-പ്രതിരോധ പ്രദർശനം (ISNR 2026) അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) ആരംഭിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സെയ്ഫ് അൽ നഹ്യാൻ പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ‘സെക്യൂറിംഗ് ടുമാറോ ടുഡേ’ (നാളെയുടെ സുരക്ഷ ഇന്ന്) എന്ന പ്രമേയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഡ്നെക് ഗ്രൂപ്പാണ് മെയ് 21 വരെ നീണ്ടുനിൽക്കുന്ന ഈ വൻകിട മേള സംഘടിപ്പിക്കുന്നത്. ആഗോളതലത്തിലെ പ്രമുഖ സുരക്ഷാ വിദഗ്ധരും നയരൂപകർത്താക്കളും ഒരുമിക്കുന്ന പ്രദർശനം യുഎഇയുടെ പ്രതിരോധ രംഗത്തെ കരുത്ത് വിളിച്ചോതുന്നതാണ്.

ഉദ്ഘാടനത്തിന് ശേഷം ഷെയ്ഖ് സെയ്ഫ് എക്സിബിഷനിലെ വിവിധ സ്റ്റാളുകൾ സന്ദർശിക്കുകയും സൈബർ സുരക്ഷ, നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, ആധുനിക നിയമപാലന സംവിധാനങ്ങൾ എന്നിവയ്ക്കായി ഒരുക്കിയ അത്യാധുനിക സാങ്കേതികവിദ്യകൾ വിലയിരുത്തുകയും ചെയ്തു. നാഷണൽ ഗാർഡിന്റെ സ്റ്റാളിലെത്തിയ അദ്ദേഹം ഇടുങ്ങിയ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തകർന്ന കെട്ടിടങ്ങൾക്കിടയിലെ തിരച്ചിലിനും ഉപയോഗിക്കുന്ന ‘അൽ-തൗദ്’ അത്യാധുനിക ഹെവി സെർച്ച് ആൻഡ് റെസ്ക്യൂ വാഹനം നേരിൽ കണ്ടു. ട്രാഫിക് സിഗ്നലുകളിലെ ക്യാമറകളെയും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്ന അബുദാബി കൺട്രോൾ സെന്ററിന്റെ ‘ഫാൽക്കൺ ഐ’ പദ്ധതിയും അദ്ദേഹം വിലയിരുത്തി. കൂടാതെ പ്രീസൈറ്റ് കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് സിസ്റ്റവും സ്ട്രെയിറ്റ് ഗ്രൂപ്പിന്റെ അത്യാധുനിക ഡ്രോണുകളും മേളയിലെ പ്രധാന ആകർഷണങ്ങളാണ്.

മേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാണ് ഇത്തവണത്തേതെന്ന് അഡ്നെക് ഗ്രൂപ്പ് സിഇഓ ഹുമൈദ് മതാർ അൽ ദാഹേരി പറഞ്ഞു. ആഗോള സുരക്ഷാ വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ യുഎഇ പോലുള്ള ഒരു രാജ്യം ഇത്തരം ഒരു ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ തന്റെ മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി. കൃത്രിമബുദ്ധിയുടെ (AI) കാലഘട്ടത്തിൽ പരമ്പരാഗത സുരക്ഷാ സങ്കൽപ്പങ്ങളിൽ നിന്ന് മാറി ഡാറ്റ അടിസ്ഥാനമാക്കിയുള്ള ആധുനിക ഗവേണൻസിലേക്ക് ലോകം മാറുകയാണെന്ന് ദേശീയ മാധ്യമ അതോറിറ്റി ചെയർമാൻ അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമേദും കൂട്ടിച്ചേർത്തു. വരുംതലമുറയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ യുഎഇയെ ആഗോള ഹബ്ബാക്കി മാറ്റാൻ ഈ പ്രദർശനം സഹായിക്കുമെന്ന് എക്സിബിഷൻ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ ഡോ. അഹമ്മദ് നാസർ അൽ റൈസി വ്യക്തമാക്കി.

You may also like