ദുബായ്: കയ്യിലിരുന്ന കാറിന്റെ താക്കോൽ കാണാതെ പരിഭ്രാന്തിയുടെ നിമിഷങ്ങളിലേക്ക് വീണുപോയ ദുബായിലെ കണ്ടെന്റ് ക്രിയേറ്ററായ ലോറ ക്രാജെവ്‌സ്‌കി എർക്കിന് പിന്നീട് അനുഭവപ്പെട്ടത് ആശ്വാസവും അത്ഭുതവുമായിരുന്നു. തന്റെ വാഹനത്തിനടുത്തേക്ക് നടന്ന ലോറ ആദ്യം ശ്രദ്ധിച്ചത് കാറിന്റെ സൈഡ് മിററുകൾ തുറന്നു കിടക്കുന്നതാണ്. വാഹനം ലോക്ക് ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് കയ്യിൽ കാറിന്റെ താക്കോൽ ഇല്ലെന്ന കാര്യം അവർ തിരിച്ചറിയുന്നത്. എന്നാൽ മറ്റ് പല രാജ്യങ്ങളിലും സംഭവിക്കാവുന്നതുപോലെ വാഹനം മോഷണം പോകുന്നതിന് പകരം, തികച്ചും സുരക്ഷിതമായി കാറിന്റെ ബോണറ്റിൽ തന്നെ താക്കോൽ ഇരിക്കുന്ന കാഴ്ചയാണ് ലോറ കണ്ടത്. താൻ നടന്നു പോകുന്നതിനിടയിൽ എവിടെയോ വീണുപോയ താക്കോൽ വഴിപോക്കനായ ഏതോ ഒരു നല്ല മനുഷ്യൻ എടുത്ത് കാറിന്റെ മുകളിൽ സുരക്ഷിതമായി വെക്കുകയായിരുന്നു എന്ന് ലോറ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചു. “I’m shaking … Thank God I’m in Dubai,” എന്ന കുറിപ്പോടെ അവർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തത്. ഈ സംഭവം ലോറയെ അത്ഭുതപ്പെടുത്തിയെങ്കിലും ദുബായിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഇതൊരു പുത്തരിയായിരുന്നില്ല. ‘ഇതാണ് ദുബായ്’, ‘ദുബായിൽ മാത്രം സംഭവിക്കുന്നത്’ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്ന് മാത്രമല്ല, സമാധാനത്തോടെ സ്വപ്നങ്ങൾ നെയ്ത് ജീവിക്കാൻ പറ്റിയ ഇടം കൂടിയാണ് ദുബായ് എന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അടിവരയിടുന്നു.