ദുബായ് : ഇന്ധനവില വർദ്ധനയെത്തുടർന്ന് എയർ ഇന്ത്യ തങ്ങളുടെ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും മൂന്ന് മാസത്തേക്ക് നിർത്തിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം റിപ്പോർട്ടുകൾ തെറ്റാണെന്നും വിമാനക്കമ്പനി അറിയിച്ചു. എന്നാൽ, പ്രവർത്തനച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ ചില വിദേശ സർവീസുകളിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു.
ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും വിമാനങ്ങൾ കൂടുതൽ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതും ലാഭക്ഷമതയെ ബാധിച്ചതിനാലാണ് ചില റൂട്ടുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ജൂൺ മാസം മുതൽ മൂന്ന് മാസത്തേക്കായിരിക്കും ഈ ക്രമീകരണം. അന്താരാഷ്ട്ര സർവീസുകൾ പൂർണ്ണമായും റദ്ദാക്കിയെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും എയർ ഇന്ത്യ ന്യൂസ്‌റൂം ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.