14
ദുബായ്: യുഎഇയിലെ ക്രിക്കറ്റ് പ്രേമികൾക്ക് തങ്ങളുടെ കഴിവുകൾ വലിയൊരു വേദിയിൽ പ്രകടിപ്പിക്കാൻ അവസരമൊരുക്കിക്കൊണ്ട് ‘ബിഗ് ടിക്കറ്റ്’ (Big Ticket) തങ്ങളുടെ ആദ്യ ക്രിക്കറ്റ് ടൂർണമെന്റായ ‘ബിഗ് കമ്മ്യൂണിറ്റി ടൂർണമെന്റ്’ (Big Community Tournament) പ്രഖ്യാപിച്ചു. 1,10,000 ദിർഹം വരെയാണ് ആകെ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.
എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ (Emirates Cricket Board) പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ പ്രാദേശിക താരങ്ങൾക്ക് രജിസ്ട്രേഷൻ ഫീസോ പങ്കാളിത്ത ഫീസോ ഇല്ലാതെ സൗജന്യമായി മത്സരിക്കാം. 1,00,000 ദിർഹമാണ് ടൂർണമെന്റിലെ ഒന്നാം സമ്മാനം. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി കളിക്കാർ ബിഗ് ടിക്കറ്റ് റാഫിൾ ടിക്കറ്റ് വാങ്ങേണ്ടതില്ലെന്നും സംഘാടകർ വ്യക്തമാക്കി.
എട്ട് ഓവർ വീതമുള്ള ടെന്നീസ് ബോൾ ക്രിക്കറ്റ് ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ നടക്കുക. അബുദാബി, ദുബായ്, ഷാർജ, നോർത്തേൺ എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.