Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:46 PM

കുറ്റവാളികളെയും പിടികിട്ടാപ്പുള്ളികളുടെ വാഹനങ്ങളെയും തിരിച്ചറിയാൻ എ.ഐ റോബോട്ട്; നൂതന പട്രോളിംഗ് വാഹനം അവതരിപ്പിച്ച് ദുബായ് പോലീസ്

by Raneesha Razak
ദുബായ്: പിടികിട്ടാപ്പുള്ളികളായ വ്യക്തികളെയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങളെയും തിരിച്ചറിയാൻ ശേഷിയുള്ള നവീകരിച്ച ‘ഡി.പി.ആർ2 ഓട്ടോണമസ് റോബോട്ടിക് പട്രോൾ’ (DPR2 Autonomous Robotic Patrol) ദുബായ് പോലീസ് അവതരിപ്പിച്ചു. 2026 വേൾഡ് പോലീസ് സമ്മിറ്റിലാണ് (World Police Summit 2026) നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ അത്യാധുനിക റോബോട്ടിക് പട്രോൾ പ്രദർശിപ്പിച്ചത്.
പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ നാല് ചക്ര റോബോട്ടിക് പട്രോളിൽ ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recognition), ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR), പെരുമാറ്റ രീതികൾ വിശകലനം ചെയ്യുന്ന പ്രെഡിക്റ്റീവ് ബിഹേവിയറൽ അനാലിസിസ് എന്നീ സംവിധാനങ്ങളാണുള്ളത്. ഡ്രൈവറില്ലാതെ സ്വയം പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ മൈക്രോപോളിസുമായി (Micropolis) സഹകരിച്ചാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
പ്രത്യേകിച്ച് താമസമേഖലകളിൽ സുരക്ഷാ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാണ് നൂതന സെൻസറുകളും ദൃശ്യ വിശകലന സംവിധാനങ്ങളും സംയോജിപ്പിച്ച് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലെ ലെഫ്റ്റനന്റ് എഞ്ചിനീയർ ഖാലിദ് റാഷിദ് വ്യക്തമാക്കി.
ആയുധങ്ങൾ കൈവശം വെക്കുന്നവർ, തെരുവിലെ അടിപിടികൾ, മോഷണം തുടങ്ങിയ സംശയാസ്പദമായ സാഹചര്യങ്ങൾ തിരിച്ചറിയാൻ ഈ റോബോട്ടിന് സാധിക്കും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദുബായ് പോലീസിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് സ്വയമേവ മുന്നറിയിപ്പ് നൽകുകയും ഉദ്യോഗസ്ഥർക്ക് തുടർനടപടികൾ സ്വീകരിക്കാൻ വഴിയൊരുക്കുകയും ചെയ്യും.
സുരക്ഷാ നിരീക്ഷണത്തിന് പുറമെ റോഡിലെ ഗതാഗത നിയമലംഘനങ്ങളും പൊതുസ്ഥലങ്ങളിലെ നിയമലംഘനങ്ങളും കണ്ടെത്താനും ഇതിന് സാധിക്കും. സാധാരണ പോലീസ് പട്രോളിംഗിനൊപ്പം പ്രവർത്തിക്കുന്നതിലൂടെ നിരീക്ഷണ പ്രവർത്തനങ്ങളിൽ മനുഷ്യ ഇടപെടൽ കുറയ്ക്കാനും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

You may also like