Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:32 AM

ഭൂനിരീക്ഷണം ഇനി കൂടുതൽ ശക്തം; മൂന്ന് പുതിയ ഉപഗ്രഹങ്ങൾ കൂടി സജ്ജമാക്കി യുഎഇ

by Raneesha Razak

അബുദാബി : ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചുക്കൊണ്ട് മൂന്ന് പുതിയ ഭൂനിരീക്ഷണ ഉപഗ്രഹങ്ങൾ (Earth observation satellites) കൂടി പൂർണ്ണ സജ്ജമാക്കി യുഎഇ. ഫോർസൈറ്റ്-3, ഫോർസൈറ്റ്-4, ഫോർസൈറ്റ്-5 (Foresight-3, -4, -5) എന്നീ ഉപഗ്രഹങ്ങൾ വിജയകരമായി പ്രവർത്തനം ആരംഭിച്ചതായി പ്രമുഖ ബഹിരാകാശ സാങ്കേതിക കമ്പനിയായ സ്‌പേസ്42 (Space42) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇതോടെ യുഎഇയുടെ സിന്തറ്റിക് അപർച്ചർ റഡാർ (SAR) ഉപഗ്രഹങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നു.

2025 നവംബറിൽ വിക്ഷേപിച്ച ഈ ഉപഗ്രഹങ്ങൾ പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുന്നത്. ഫിൻലൻഡ് ആസ്ഥാനമായുള്ള ഐസീ (ICEYE) കമ്പനിയുമായി സഹകരിച്ച് അബുദാബിയിലെ സ്പേസ്42 ഫെസിലിറ്റിയിലാണ് ഇവയുടെ നിർമ്മാണവും സംയോജനവും പൂർത്തിയാക്കിയത്. കാലാവസ്ഥാ വ്യതിയാനങ്ങളോ രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ 25 സെന്റിമീറ്റർ വരെയുള്ള ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ തത്സമയം നൽകാൻ ഈ ഉപഗ്രഹങ്ങൾക്ക് സാധിക്കും. ഭൂമിയിലെ ജനസംഖ്യയുടെ 90 ശതമാനവും അധിവസിക്കുന്ന പ്രദേശങ്ങളെ കൃത്യമായി നിരീക്ഷിക്കാൻ കെൽപ്പുള്ളതാണ് ഇവയുടെ പരിക്രമണപഥം.

സ്‌പേസ്42-ന്റെ എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമായ ജിഐക്യു (GIQ) വഴി ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ മിനിറ്റുകൾക്കകം വിശകലനം ചെയ്യാൻ കഴിയും. ഇത് പ്രകൃതിദുരന്ത നിവാരണം, സുരക്ഷാ നിരീക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. അടിയന്തര ഘട്ടങ്ങളിലെ പ്രതികരണ സമയം 90 ശതമാനം വരെ കുറയ്ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് സ്പേസ്42 സ്മാർട്ട് സൊല്യൂഷൻസ് സിഇഒ ഹസൻ അൽ ഹൊസാനി വ്യക്തമാക്കി. യുഎഇയുടെ നാഷണൽ സ്പേസ് സ്ട്രാറ്റജി 2030-ന്റെ ഭാഗമായി ബഹിരാകാശ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഈ നേട്ടം കൂടുതൽ കരുത്തുപകരും.

You may also like