Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:26 AM

യുഎഇയിൽ കുറഞ്ഞ വരുമാനക്കാരായ സ്വദേശി പെൻഷൻകാരുടെ കടം ഇളവ് ചെയ്തു; പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ നിർണായക ഉത്തരവ്

by Raneesha Razak

യുഎഇ : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക നിർദ്ദേശപ്രകാരം കുറഞ്ഞ വരുമാനക്കാരായ സ്വദേശി പെൻഷൻകാരുടെ വലിയൊരു തുകയുടെ കടബാധ്യതകൾ ഇളവ് ചെയ്തു. ഡിഫോൾട്ടഡ് ഡെറ്റ്‌സ് സെറ്റിൽമെന്റ് ഫണ്ട് യുഎഇയിലെ വിവിധ പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് രാജ്യത്തെ 2,339 സ്വദേശി പെൻഷൻകാരുടെ വായ്പകളിന്മേൽ ഈടാക്കാനിരുന്ന 83.4 കോടിയിലധികം ദിർഹത്തിന്റെ (Dh834 million) പലിശ പൂർണ്ണമായും ഒഴിവാക്കിയത്. 50 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള കുറഞ്ഞ വരുമാനക്കാരായ സ്വദേശി പെൻഷൻകാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വവും സാമൂഹിക സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. യുഎഇ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ദി ഫാമിലി 2026’ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ തീരുമാനം. എഡിസിബി ഗ്രൂപ്പ്, ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻബിഡി ഉൾപ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ ഈ പദ്ധതിക്കായി വലിയ തുകകളാണ് ഇളവ് ചെയ്തത്. പുതിയ ഉത്തരവ് പ്രകാരം വായ്പകളുടെ ഭാവി പലിശകളും ലാഭവിഹിതങ്ങളും ബാങ്കുകൾ ഒഴിവാക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ലളിതമായ തവണകളിലൂടെ വായ്പയുടെ അസ്സൽ തുക മാത്രം തിരിച്ചടച്ചാൽ മതിയാകും. ഈ പദ്ധതിയുടെ പരിധിയിൽ വരുന്ന വ്യക്തികളെ വരും ദിവസങ്ങളിൽ ബാങ്കുകൾ നേരിട്ട് ബന്ധപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

You may also like