അബുദാബി: നാഷണൽ സ്പേസ് സ്ട്രാറ്റജി 2031 പദ്ധതിയുടെ കീഴിൽ രാജ്യത്തിന്റെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും ചൊവ്വ, ആസ്റ്ററോയ്ഡ് പര്യവേക്ഷണ ദൗത്യങ്ങൾ ശക്തമാക്കുന്നതിനുമായി 44 ബില്യൺ ദിർഹത്തിലധികം (4,400 കോടി ദിർഹം) നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ. ലോകത്തെ മുൻനിര ബഹിരാകാശ രാജ്യങ്ങളുടെ പട്ടികയിലേക്ക് അതിവേഗം ഉയർന്നുവരുന്ന യുഎഇയുടെ സ്ഥാനത്തെ കൂടുതൽ ദൃഢമാക്കാൻ ഈ വൻ നിക്ഷേപം സഹായിക്കും.
നൂതന സാങ്കേതികവിദ്യകൾ, നവീകരണം, സാമ്പത്തിക വൈവിധ്യവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ തദ്ദേശീയരായ പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് യുഎഇ ഈ ശാസ്ത്ര-സാങ്കേതിക പദ്ധതികൾ നടപ്പിലാക്കുന്നത്. ആഗോള ബഹിരാകാശ രംഗത്ത് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ നിരവധി പ്രോജക്റ്റുകളാണ് ഇതിലൂടെ യുഎഇ മുന്നോട്ട് കൊണ്ടുപോകുന്നത്.