Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:26 AM

എബോള ഭീഷണി നേരിടാൻ യുഎഇ സജ്ജം; ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കി

by Raneesha Razak

അബുദാബി : എബോള ഉൾപ്പെടെയുള്ള ആഗോള ആരോഗ്യ പ്രതിസന്ധികളെയും പുതിയ സാഹചര്യങ്ങളെയും കൃത്യമായി നിരീക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള യുഎഇയുടെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (NCEMA) ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MoHAP) ചേർന്നാണ് രാജ്യത്തിന്റെ ഈ സന്നദ്ധത വ്യക്തമാക്കിയത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മികച്ച മാതൃകകൾക്കും അനുസൃതമായി രാജ്യത്തെ നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങൾ നിരന്തരം വിലയിരുത്തലുകൾക്കും മാറ്റങ്ങൾക്കും വിധേയമാക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുനൽകി.

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സായിഗിന്റെ അധ്യക്ഷതയിലും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലും ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ കാര്യങ്ങൾ ചർച്ച ചെയ്തത്. ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും തന്ത്രപ്രധാന പങ്കാളികളും ഈ യോഗത്തിൽ പങ്കെടുത്തു. നിലവിലെ എബോള വ്യാപനവുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങളും, അത് നേരിടാൻ യുഎഇയിൽ നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും മുൻകരുതൽ നടപടികളും യോഗം വിശദമായി വിലയിരുത്തി. പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള വിവിധ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഏകോപന രീതികളും യോഗത്തിൽ ചർച്ചയായി.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുമുള്ള മുൻകരുതൽ നടപടികൾ യുഎഇ ശക്തമായി തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ സംഘങ്ങളും സദാ സജ്ജമാണ്. ആരോഗ്യപരമായ കാര്യങ്ങളിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും സമൂഹത്തിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

You may also like