Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:44 PM

വ്യാജ പ്രചാരണങ്ങൾ കണ്ടെത്താൻ എ.ഐ ഉപയോഗിച്ച് യുഎഇ

by Raneesha Razak
ദുബായ്: സമീപകാലത്തുണ്ടായ ആക്രമണങ്ങൾക്ക് മുൻപും ശേഷവും രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടെത്താൻ യുഎഇ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചതായി നാഷണൽ മീഡിയ അതോറിറ്റി (National Media Authority) സെക്രട്ടറി ജനറൽ മുഹമ്മദ് സയീദ് അൽ ഷെഹി വ്യക്തമാക്കി. ദുബായിൽ നടന്ന അഞ്ചാമത് ‘വേൾഡ് പോലീസ് സമ്മിറ്റിൽ’ (World Police Summit) സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ ഉള്ളടക്കങ്ങൾ തടയുന്നതിനായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായും അതോറിറ്റി ചേർന്ന് പ്രവർത്തിച്ചു. സംഭവങ്ങൾ നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ഫെഡറൽ-പ്രാദേശിക മാധ്യമ സംഘങ്ങൾ വിവിധ ഭാഷകളിൽ സ്ഥിരീകരിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാൻ ശ്രദ്ധിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഇതിലൂടെ സാധിച്ചു.
ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുന്നതിൽ കാലതാമസമുണ്ടായാൽ വ്യാജ വാർത്തകൾ വേഗത്തിൽ വേരുറപ്പിക്കാൻ സാധ്യതയുണ്ടെന്ന് അൽ ഷെഹി മുന്നറിയിപ്പ് നൽകി. കൃത്യമായ വിവരങ്ങൾ ലഭിക്കാതെ വരുമ്പോൾ ആളുകൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാനും സ്വന്തം വ്യാഖ്യാനങ്ങൾ പങ്കുവെക്കാനും തുടങ്ങും.

വലിയ തോതിലുള്ള ഓൺലൈൻ ഉള്ളടക്കങ്ങൾ വിശകലനം ചെയ്യാനും തെറ്റായ അവകാശവാദങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനും എ.ഐ സഹായിച്ചു. രാജ്യത്തിനെതിരെയുള്ള ആസൂത്രിത വ്യാജ പ്രചാരണങ്ങളുടെ (Disinformation campaigns) രീതികൾ കണ്ടെത്താനും അവയുടെ ആഘാതം കുറയ്ക്കാനും സാധിച്ചു.

യുഎഇ ആഭ്യന്തര മന്ത്രാലയം, സൈബർ സെക്യൂരിറ്റി കൗൺസിൽ, നാഷണൽ മീഡിയ അതോറിറ്റി, മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം, ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസ്, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

You may also like