ദുബായ് : പ്രമുഖ ചാരിറ്റബിൾ സംഘടനയായ അൽ ജലീല ഫൗണ്ടേഷന് (Al Jalila Foundation) 10 ദശലക്ഷം ദിർഹം (10 Million Dirhams) സകാത് ധനസഹായമായി നൽകി ദുബായ് ഇസ്ലാമിക് ബാങ്ക് (DIB). സാധാരണക്കാരായ രോഗികൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും, മെഡിക്കൽ ഗവേഷണങ്ങൾക്കും പഠന സൗകര്യങ്ങൾക്കും പിന്തുണ നൽകുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക. ദീർഘകാല സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് ദുബായ് ഇസ്ലാമിക് ബാങ്ക് ലക്ഷ്യമിടുന്നത്.
ചികിത്സ, പഠനം, ഗവേഷണം, കാരുണ്യം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ദുബായ് ഹെൽത്തിന്റെ (Dubai Health) ദീർഘവീക്ഷണം യാഥാർത്ഥ്യമാക്കാൻ ഈ സഹായം വലിയ പങ്കുവഹിക്കുമെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി. ദുബായ് ഇസ്ലാമിക് ബാങ്ക് കമ്മ്യൂണിറ്റി സപ്പോർട്ട് സർവീസസ് മേധാവി നവാഫ് അൽ റൈസി ദുബായ് ഹോസ്പിറ്റൽ സന്ദർശിച്ച വേളയിലാണ് ധനസഹായം കൈമാറിയത്. അൽ ജലീല ഫൗണ്ടേഷൻ സിഇഒ ഡോ. ആമിർ അൽ സരൂനി, ദുബായ് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഒമർ അൽ മർസൂഖി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി ആരോഗ്യ പരിപാടികൾക്ക് ബാങ്ക് നൽകുന്ന തുടർച്ചയായ പിന്തുണയോടുള്ള ആദരസൂചകമായി ദുബായ് ഹോസ്പിറ്റലിലെ ‘ദി ഗിവിംഗ് വാളിൽ’ (The Giving Wall) ദുബായ് ഇസ്ലാമിക് ബാങ്കിന്റെ ലോഗോ പതിച്ച ഫലകം അനാച്ഛാദനം ചെയ്തു.