Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:25 AM

ചരിത്രം കുറിച്ച് എമിറേറ്റ്സ്; ആദ്യ സ്വദേശി വനിതാ ക്യാപ്റ്റൻമാരായി ഹനാനും ബഖിതയും

by Raneesha Razak

ദുബായ്: യു.എ.ഇയുടെ വ്യോമയാന മേഖലയിൽ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ചരിത്രമെഴുതി പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്. രണ്ട് ഇമാരതി വനിതാ പൈലറ്റുമാരെ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തിയാണ് എമിറേറ്റ്സ് പുതിയ നാഴികക്കല്ല് പിന്നിട്ടത്. എമിറേറ്റ്സിന്റെ ചരിത്രത്തിലെ ആദ്യ സ്വദേശി വനിതാ ക്യാപ്റ്റൻമാരായി മാറിയ ഹനാൻ മുഹമ്മദ് ജവാദ്, ബഖിത അൽ മ്ഹെയ്‌രി എന്നിവർ ഇനിമുതൽ ബോയിങ് 777 വിമാനങ്ങൾ നിയന്ത്രിക്കും.

ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് കേഡറ്റ് പൈലറ്റുമാരായി എമിറേറ്റ്സിൽ കരിയർ ആരംഭിച്ച ഇരുവരും കഠിനാധ്വാനത്തിലൂടെയും വ്യോമയാന മേഖലയോടുള്ള അഭിനിവേശത്തിലൂടെയുമാണ് നാലാമത്തെ സ്ട്രൈപ്പ് (നാല് വരകളുള്ള പദവി) സ്വന്തമാക്കി കമാൻഡിങ് പദവിയിലേക്ക് ഉയർന്നത്. 2008-ൽ കേഡറ്റ് പൈലറ്റ് പ്രോഗ്രാമിലൂടെ എമിറേറ്റ്സിന്റെ ഭാഗമായ ഹനാൻ മുഹമ്മദ് ജവാദ്, കമ്പനി മാനേജ്‌മെന്റിന്റെ മികച്ച പിന്തുണയോടെയാണ് കരിയറിലെ ഓരോ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയത്.

2011-ൽ കേഡറ്റ് പൈലറ്റായി ചേർന്ന ബഖിത അൽ മ്ഹെയ്‌രി, മറ്റ് വനിതാ പൈലറ്റുമാരുടെ വിജയഗാഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. തുടർന്ന് നിരവധി നേട്ടങ്ങൾ സ്വന്തമാക്കി എമിറേറ്റ്സിൽ ശക്തമായ കരിയർ കെട്ടിപ്പടുത്തു. വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഇരുവരുടെയും ഈ ചരിത്ര നേട്ടം യു.എ.ഇയിലെ നിരവധി യുവതികൾക്ക് വ്യോമയാന മേഖലയിലേക്ക് കടന്നുവരാൻ വലിയ പ്രചോദനമാകും.

You may also like