Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 28, 2026 | 07:10 PM

തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ല; ഇൻഷുറൻസ് കമ്പനിക്ക് 2.18 ദശലക്ഷം ദിർഹം തിരികെ നൽകാൻ ദുബായ് സ്ഥാപനത്തിന് കോടതി ഉത്തരവ്

by Raneesha Razak
ദുബായ്: 277 തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിൽ വീഴ്ച വരുത്തിയ കരാർ കമ്പനിയോട്, തൊഴിലാളികൾക്ക് വേണ്ടി തുക നൽകിയ ഇൻഷുറൻസ് സ്ഥാപനത്തിന് 2.18 ദശലക്ഷം ദിർഹം തിരികെ നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. തൊഴിലാളികളുടെ കുടിശ്ശിക ഇൻഷുറൻസ് കമ്പനി തീർപ്പാക്കിയ സാഹചര്യത്തിലാണ് ദുബായ് പ്രാഥമിക കോടതിയുടെ (Dubai Court of First Instance) ഈ നിർണ്ണായക വിധി. തൊഴിലാളികൾക്കായി ഇൻഷുറൻസ് സ്ഥാപനം നൽകിയ 2,183,744.75 ദിർഹം കമ്പനി തിരികെ നൽകണമെന്നാണ് കോടതി വിധിച്ചത്. ഇതിനുപുറമെ, കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണ്ണമായി അടച്ചുതീർക്കുന്നത് വരെ 5 ശതമാനം വാർഷിക പലിശയും കോടതി ചെലവുകളും കമ്പനി വഹിക്കണമെന്നും ഉത്തരവിലുണ്ട്.
എന്നാൽ, കമ്പനി ഉടമയ്ക്കും മാനേജർക്കും എതിരെ വ്യക്തിപരമായി ഉന്നയിച്ച അവകാശവാദങ്ങൾ കോടതി തള്ളി. ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിക്ക് (LLC) അതിന്റെ ഓഹരിയുടമകളിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായ നിയമപരമായ വ്യക്തിത്വമുണ്ടെന്നും, അതിനാൽ കമ്പനിയുടെ സാമ്പത്തിക ബാധ്യതകൾക്ക് ഉടമയെയോ മാനേജരെയോ വ്യക്തിപരമായി ഉത്തരവാദികളാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 2026 ജൂൺ 11-ന് 277 തൊഴിലാളികൾ തങ്ങളുടെ കുടിശ്ശിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MoHRE) കൂട്ടായ തൊഴിൽ പരാതി നൽകിയതോടെയാണ് കേസിന് തുടക്കമായത്.
തുടർന്ന് ജൂലൈ 1-ന്, തൊഴിലാളികൾക്കുള്ള കുടിശ്ശികയായി 2,980,260 ദിർഹം നൽകാൻ മന്ത്രാലയത്തിന്റെ കൂട്ടായ തൊഴിൽ തർക്ക സമിതി കമ്പനിയോട് ഉത്തരവിട്ടു. എന്നാൽ, തൊഴിലാളികളുടെ ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ വരുന്ന തുകകൾ നൽകാൻ തൊഴിലുടമ തയ്യാറായില്ല. ഇതോടെ പോളിസി പ്രാബല്യത്തിൽ വരുത്താനും അർഹരായ തൊഴിലാളികൾക്ക് പണം നൽകാനും മന്ത്രാലയം ഇൻഷുറൻസ് കമ്പനിക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ച് 2026 ജൂലൈ 20-ന് അൽ അൻസാരി എക്സ്ചേഞ്ച് വഴി ഇൻഷുറൻസ് കമ്പനി 2,183,744.75 ദിർഹം തൊഴിലാളികൾക്ക് കൈമാറി. തൊഴിലാളികളുടെ കുടിശ്ശിക തീർത്തതിന് പിന്നാലെ, തങ്ങൾ നൽകിയ തുക തിരിച്ചുപിടിക്കാനായി ഇൻഷുറൻസ് കമ്പനി തൊഴിലുടമയ്ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

You may also like