17
ദുബായ്: റെസിഡൻഷ്യൽ മേഖലകളിൽ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള വലിയ പൊതു മാലിന്യ നിക്ഷേപ പെട്ടികൾ (Communal Waste Containers) ഒഴിവാക്കി, ഓരോ വീടുകൾക്കും രണ്ട് ബിന്നുകൾ വീതം നൽകാൻ ദുബായ് മുൻസിപ്പാലിറ്റി പദ്ധതിയിടുന്നു. പൊതു മാലിന്യങ്ങൾക്കും പുനരുപയോഗിക്കാവുന്ന പാഴ്വസ്തുക്കൾക്കുമായി (Recyclable Materials) വേറെവേറെ ബിന്നുകളാണ് നൽകുക. മാലിന്യ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പൊതു ബിന്നുകൾ മൂലമുണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിനുമാണ് ഈ മാറ്റം.
മുൻസിപ്പാലിറ്റിയുടെ ‘മൈ സിറ്റി, മൈ എൻവയോൺമെന്റ്’ പദ്ധതിയുടെ ഭാഗമായി ബിന്നുകളിൽ ബാർകോഡുകൾ പതിപ്പിക്കും. മാലിന്യ ശേഖരണത്തിന്റെ വിവരങ്ങളും ഓരോ വീട്ടിലും ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവും നിരീക്ഷിക്കാൻ ഇത് സഹായിക്കും. അൽ മിസ്ഹാർ 4-ൽ പുതിയ ബിന്നുകളുടെ വിതരണം ആരംഭിച്ചതായി വേസ്റ്റ് ആൻഡ് സൂവറേജ് ഏജൻസി സിഇഒ ആദിൽ അൽ മർസൂഖി അറിയിച്ചു. ജുമൈറ, അൽ ബർഷ നോർത്ത്, അൽ മിസ്ഹാർ 1, 2 എന്നീ പ്രദേശങ്ങളിൽ ഈ രീതി നിലവിലുണ്ട്.
മാലിന്യം കൃത്യമായി വേർതിരിച്ച് സൂക്ഷിക്കാൻ ഗാർഹിക തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനായി തദ്ബീർ കേന്ദ്രങ്ങളുമായും മാനവ വിഭവശേഷി മന്ത്രാലയവുമായും ചേർന്ന് ബോധവൽക്കരണം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.