6
ദുബായ്: ഗുരുതരമായ വാഹനാപകടത്തിൽ ജീവിതത്തെ മാറ്റിമറിക്കുന്ന പരിക്കുകളും വൈകല്യങ്ങളും സംഭവിച്ച ഡെലിവറി ഡ്രൈവർക്ക് 7,50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറും വാഹനത്തിന്റെ ഉടമസ്ഥരായ കമ്പനിയും സംയുക്തമായി ഈ തുക നൽകണമെന്നാണ് ദുബായ് പ്രാഥമിക കോടതിയുടെ (Dubai Court of First Instance) വിധി. 2025 ഓഗസ്റ്റ് 12-നുണ്ടായ അപകടത്തെത്തുടർന്ന് യുവാവ് അനുഭവിച്ച കഠിനമായ ശാരീരിക പരിക്കുകൾ, സ്ഥിരമായ അംഗവൈകല്യങ്ങൾ, മാനസിക ആഘാതം എന്നിവ കണക്കിലെടുത്താണ് നഷ്ടപരിഹാരത്തിന് അർഹനാണെന്ന് കോടതി വിധിച്ചത്. അപകടം മൂലം ഡെലിവറി ഡ്രൈവറായി ജോലി തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും, ഇത് തന്റെ പ്രധാന വരുമാനമാർഗ്ഗം ഇല്ലാതാക്കുകയും കുടുംബത്തെ പോറ്റുന്നതിനെ ബാധിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യുവാവ് 2 ദശലക്ഷം ദിർഹം നഷ്ടപരിഹാരമായിരുന്നു ആദ്യം ആവശ്യപ്പെട്ടിരുന്നത്.
കോടതി രേഖകൾ പ്രകാരം 2025 ഓഗസ്റ്റ് 12-ന് അബുദാബിയിലെ ഷെയ്ഖ് ശഖ്ബൂത്ത് ബിൻ സുൽത്താൻ സ്ട്രീറ്റിലായിരുന്നു അപകടം നടന്നത്. പ്രതി ഓടിച്ചിരുന്ന വാഹനം ശ്രദ്ധതെറ്റി നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളായിരുന്നു ഡെലിവറി ഡ്രൈവർ. തലയ്ക്കേറ്റ ക്ഷതം, തലച്ചോറിലെ ചെറിയ രക്തസ്രാവം, നെഞ്ചിലേറ്റ പരിക്കുകൾ, നട്ടെല്ലിന്റെ താഴ്ഭാഗത്തെ ഒടിവുകൾ, വലതുകാലിലെയും പാദത്തിലെയും ഒന്നിലധികം ഒടിവുകൾ, കരളിനും വലത് വൃക്കയ്ക്കും കേടുപാടുകൾ വരുത്തിയ ആന്തരിക രക്തസ്രാവത്തോടുകൂടിയ വയറിലെ ഗുരുതരമായ പരിക്കുകൾ എന്നിവ യുവാവിന് സംഭവിച്ചു.
അപകടം നടന്ന ദിവസം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും 2025 സെപ്റ്റംബർ 18 വരെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തു. ആശുപത്രി വിട്ട ശേഷവും യുവാവിന്റെ ദുരിതങ്ങൾ അവസാനിച്ചിരുന്നില്ല. കരളിന് ചുറ്റും ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയും, നീണ്ട കാലയളവിലേക്ക് വിട്ടുമാറാത്ത വയറുവേദനയും നടുവേദനയും യുവാവ് അനുഭവിച്ചിരുന്നതായി മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു. ഇവയെല്ലാം പരിഗണിച്ചാണ് കോടതി 7,50,000 ദിർഹം നഷ്ടപരിഹാരം അനുവദിച്ചത്.