16
ദുബായ് : ഭാവി ആസൂത്രണത്തിൽ (Future Planning) അന്താരാഷ്ട്ര തലത്തിലെ ഏറ്റവും ഉയർന്ന 7-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അതോറിറ്റിയായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA Dubai) ചരിത്രം കുറിച്ചു.
ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (GInI) നൽകിയ ഈ അംഗീകാരം, ഭാവിയിലെ വെല്ലുവിളികൾ മുൻകൂട്ടി കാണുന്നതിലും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലും മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് സർക്കാർ സേവനങ്ങൾ വികസിപ്പിക്കുന്നതിലും ജിഡിആർഎഫ്എ ദുബായ് ആഗോളതലത്തിൽ മുൻനിരയിലാണെന്ന് അടിവരയിടുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘ഫ്യൂച്ചർ ഷേപ്പിംഗ് മെച്യൂരിറ്റി അസസ്‌മെന്റിന്’ (Future Shaping Maturity Assessment) ശേഷമാണ് ഈ 7-സ്റ്റാർ ബഹുമതി സമ്മാനിച്ചത്. തന്ത്രപരമായ ദീർഘവീക്ഷണം, സ്ഥാപനപരമായ ഭരണം, നവീകരണം (Innovation) എന്നിവയിലുള്ള ഡയറക്ടറേറ്റിന്റെ മികച്ച കഴിവുകളെ വിലയിരുത്തൽ സമിതി പ്രശംസിച്ചു.
ശക്തമായ നേതൃത്വത്തിന്റെ പിന്തുണയും, സ്ഥാപനപരമായ ആസൂത്രണത്തിലും തീരുമാനങ്ങളെടുക്കുന്നതിലും ഭാവി കാഴ്ചപ്പാടുകൾ സംയോജിപ്പിക്കുന്ന രീതിയും റിപ്പോർട്ടിൽ എടുത്തുപറയുന്നു.‘യുഎഇ സെന്റിനിയൽ 2071’ (UAE Centennial 2071), ‘യുഎഇ സ്ട്രാറ്റജി ഫോർ ദി ഫ്യൂച്ചർ’, ഭാവി സജ്ജമായ ഭരണനിർവ്വഹണം ലക്ഷ്യമിടുന്ന ദുബായ് സർക്കാരിന്റെ കാഴ്ചപ്പാട് എന്നിവയുമായി ചേർന്നുപോകുന്ന പ്രവർത്തനങ്ങളാണ് ജിഡിആർഎഫ്എ കാഴ്ചവെക്കുന്നത്.