Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:26 AM

ഇന്ത്യ-സൗദി വിമാന സർവീസുകൾ കൂടുതൽ ശക്തമാക്കാൻ എയർ ഇന്ത്യയും റിയാദ് എയറും കൈകോർക്കുന്നു

by Raneesha Razak

ദുബായ് : ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യയും റിയാദ് എയറും (Riyadh Air) തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരു കമ്പനികളുടെയും ശൃംഖലകൾ തമ്മിൽ ബന്ധിപ്പിച്ച് കോഡ്ഷെയർ, ഇന്റർലൈൻ സംവിധാനങ്ങൾ ഒരുക്കാനാണ് ഈ പുതിയ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ യാത്രക്കാർക്ക് സിംഗിൾ ബുക്കിംഗിലൂടെ ഡൽഹി, മുംബൈ, റിയാദ് എന്നീ പ്രധാന ഹബ്ബുകൾ വഴി കൂടുതൽ എളുപ്പത്തിൽ കണക്റ്റിംഗ് സർവീസുകൾ ലഭ്യമാകും

ബിസിനസ്സ്, ടൂറിസം, പ്രവാസി യാത്രകൾ എന്നിവയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം മുൻനിർത്തിയാണ് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ട് വ്യോമയാന വിപണികൾ തമ്മിൽ കൈകോർക്കുന്നത്. വിമാന സർവീസുകൾക്ക് പുറമെ കാർഗോ സേവനങ്ങൾ, ലോയൽറ്റി പ്രോഗ്രാമുകൾ, ഡിജിറ്റൽ-സാങ്കേതിക രംഗം എന്നിവയിലും ഇരു വിമാനക്കമ്പനികളും സഹകരിച്ച് പ്രവർത്തിക്കും. റിയാദ് എയറുമായുള്ള പങ്കാളിത്തം യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാനുഭവങ്ങൾ നൽകുമെന്ന് എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു.

ഇന്ത്യ തങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട വിപണിയാണെന്ന് റിയാദ് എയർ സിഇഒ ടോണി ഡഗ്ലസും വ്യക്തമാക്കി. വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതൽ ലണ്ടൻ ഹീത്രൂവിലേക്കുള്ള ആദ്യ സർവീസിന്റെ ബുക്കിംഗ് റിയാദ് എയർ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇത് റിയാദ് വഴി യുകെയിലേക്കും യൂറോപ്പിലേക്കും പോകുന്ന ഇന്ത്യൻ യാത്രക്കാർക്കും വലിയ സഹായമാകും.

You may also like