10
അബുദാബി: സ്വദേശി യുവാക്കളെ വിവാഹത്തിന് പ്രോത്സാഹിപ്പിക്കുക, വിവാഹച്ചെലവുകൾ കുറയ്ക്കുക, പുതിയ കുടുംബങ്ങളുടെ രൂപീകരണത്തിന് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെ 2,000 എമിറാത്തി വരന്മാർക്കായി രാജ്യവ്യാപക സമൂഹവിവാഹ പദ്ധതിക്ക് യുഎഇ തുടക്കമിട്ടു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ‘എമിറേറ്റ്സ് വെഡ്ഡിംഗ്സ്’ (Emirates Weddings) എന്ന ഈ സംരംഭം രാജ്യത്തിന്റെ 55-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി ഏഴ് എമിറേറ്റുകളിലെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും ഒരുമിപ്പിക്കും.
യുവാക്കളെ വിവാഹത്തിന് പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബ ഭദ്രത ഉറപ്പാക്കുന്നതിനുമായി സമൂഹവിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാരമ്പര്യം പിന്തുടർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിവാഹങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനപ്പുറം, വിവാഹ ആഘോഷങ്ങൾ വ്യക്തിഗത കുടുംബങ്ങൾക്കപ്പുറം മുഴുവൻ അയൽപക്കങ്ങളെയും ഒരുമിപ്പിച്ചിരുന്ന പുരാതന എമിറാത്തി പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.