അബുദാബി : ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിനായി പുതിയ ആഗോള ക്യാമ്പയിനുമായി അബുദാബി. ഓട്ടിസം ബാധിച്ച വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് ആവശ്യമായ പിന്തുണയും അംഗീകാരവും ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ഈ ബൃഹദ് പദ്ധതിക്ക് തുടക്കമായത്.
ഓട്ടിസം ബാധിച്ചവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും അവർക്ക് മികച്ച വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പരിരക്ഷ എന്നിവ ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾ ക്യാമ്പയിന്റെ ഭാഗമായി നടക്കും. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. ഇതിലൂടെ ഓട്ടിസത്തെ സംബന്ധിച്ച തെറ്റായ ധാരണകൾ തിരുത്താനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കാനും സാധിക്കുമെന്ന് അധികൃതർ കരുതുന്നു.
ആധുനിക ചികിത്സാ രീതികളും നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഓട്ടിസം ബാധിച്ച കുട്ടികൾക്കും മുതിർന്നവർക്കും മികച്ച ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതിൽ അബുദാബി ലോകത്തിന് തന്നെ മാതൃകയാകുകയാണ്. ഈ ആഗോള ക്യാമ്പയിൻ വഴി ഓട്ടിസം ബാധിച്ച വ്യക്തികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവരെ സ്വയംപര്യാപ്തരാക്കാനുമുള്ള വലിയൊരു ദൗത്യമാണ് അബുദാബി ഏറ്റെടുത്തിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഓട്ടിസം സമൂഹത്തിന് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് ഈ പുതിയ നീക്കം.