Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:26 AM

ദുബായിൽ ഒരു വർഷം വൈദ്യുതി തടസ്സപ്പെട്ടത് വെറും 49 സെക്കന്റ് മാത്രം;ചരിത്രനേട്ടവുമായി DEWA

by silvya

ദുബായ്: ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) വൈദ്യുതി വിതരണത്തിലെ കൃത്യനിഷ്ഠയിൽ തങ്ങളുടെ തന്നെ ആഗോള റെക്കോർഡ് തിരുത്തിക്കൊണ്ട് ചരിത്രപരമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ദുബായിൽ ഒരു ഉപഭോക്താവിന് ഒരു വർഷത്തിൽ ശരാശരി 0.82 മിനിറ്റ് (ഏകദേശം 49 സെക്കൻഡ്) മാത്രമാണ് വൈദ്യുതി തടസ്സം നേരിടുന്നത്. 2024-ൽ സ്ഥാപിച്ച 0.94 മിനിറ്റ് എന്ന റെക്കോർഡിനേക്കാൾ 13 ശതമാനം പുരോഗതിയാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തിനനുസൃതമായി, ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നേട്ടമെന്ന് DEWA എം.ഡി.യും സി.ഇ.ഒ.യുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി.
​ഈ വിസ്മയിപ്പിക്കുന്ന വിജയത്തിന് പിന്നിൽ 2035-ഓടെ 700 കോടി ദിർഹം നിക്ഷേപം ലക്ഷ്യമിടുന്ന DEWA-യുടെ വിപുലമായ ‘സ്മാർട്ട് ഗ്രിഡ്’ പദ്ധതിയാണ്. നിർമ്മിത ബുദ്ധിയും (AI) നാലാം വ്യവസായ വിപ്ലവത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകളും പൂർണ്ണമായും സംയോജിപ്പിച്ചുകൊണ്ടാണ് അതോറിറ്റി പ്രവർത്തിക്കുന്നത്. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ആദ്യമായി നടപ്പിലാക്കിയ ‘ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് റിസ്റ്റോറേഷൻ സിസ്റ്റം’ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. മനുഷ്യസഹായമില്ലാതെ തന്നെ തകരാറുകൾ സെക്കൻഡുകൾക്കുള്ളിൽ കണ്ടെത്താനും വൈദ്യുതി പുനഃസ്ഥാപിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ദുബായ് ഇക്കണോമിക് അജണ്ട (D33), ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ എന്നിവയുടെ ഭാഗമായി ലോകത്തെ മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി ദുബായെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.

You may also like