ദുബായ് : അന്താരാഷ്ട്ര കുടുംബ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിൽ പതിപ്പിക്കുന്നതിനായി പ്രത്യേക “ഇയർ ഓഫ് ഫാമിലി” (Year of Family) സ്റ്റാമ്പ് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) പുറത്തിറക്കി. കുടുംബ ബന്ധങ്ങൾ ശക്തമാക്കുന്നതിനും സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി യുഎഇ പ്രഖ്യാപിച്ച “ഇയർ ഓഫ് ഫാമിലി 2026” പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പ്രത്യേക സ്റ്റാമ്പ്. മെയ് 15-നാണ് ഐസിപിയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്സ് ഈ അനുസ്മരണ സ്റ്റാമ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ, കര അതിർത്തികൾ, തുറമുഖങ്ങൾ എന്നിവ വഴി എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിലാണ് ഈ പ്രത്യേക സ്റ്റാമ്പ് പതിച്ചുകൊടുക്കുന്നത്. സാധാരണയായി ചെയ്യുന്ന ഒരു ഇമിഗ്രേഷൻ നടപടിയെ, യുഎഇയുടെ അതിഥി സൽക്കാരം, ഐക്യം, സാമൂഹിക ഐക്യദാർഢ്യം എന്നിവ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഒരു സ്വാഗത സ്വീകരണമാക്കി മാറ്റുകയാണ് ഈ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.