ദുബായ് : അഞ്ചാമത് ലോക പോലീസ് ഉച്ചകോടി 2026 നവംബർ 16 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് പോലീസാണ് ഈ വിപുലമായ സമ്മേളനം സംഘടിപ്പിക്കുന്നത്. ആഗോള സുരക്ഷ ഉറപ്പാക്കുന്നതിനായി ലോകമെമ്പാടുമുള്ള പോലീസ് സേനകളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് “കണക്റ്റഡ് ഫോർ ഇംപാക്ട്” എന്ന പ്രമേയത്തിൽ ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്. 110-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇന്റർപോൾ, എഫ്.ബി.ഐ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഏജൻസികളും ഇതിൽ പങ്കുചേരും.
മൂന്ന് ദിവസം നീളുന്ന ഉച്ചകോടിയിൽ സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മയക്കുമരുന്ന് നിയന്ത്രണം തുടങ്ങിയ പ്രധാന വിഷയങ്ങൾക്കൊപ്പം ബഹിരാകാശ സുരക്ഷ, ഉദ്യോഗസ്ഥരുടെ ക്ഷേമം എന്നിങ്ങനെയുള്ള പുതിയ മേഖലകളും ചർച്ച ചെയ്യപ്പെടും. ഇതിനോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിൽ നൂതന നിരീക്ഷണ സംവിധാനങ്ങളും സുരക്ഷാ സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. കൂടാതെ, മികച്ച സേവനം കാഴ്ചവെക്കുന്ന നിയമപാലകർക്കായി 13 വിഭാഗങ്ങളിലായി വേൾഡ് പോലീസ് അവാർഡുകളും നൽകും. അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിൽ ദുബായുടെ സ്ഥാനം ഉറപ്പിക്കുന്ന സുപ്രധാന ചുവടുവെപ്പായിരിക്കും ഈ സമ്മേളനം.