ദുബായ് : യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിലവിൽ എബോള (Ebola) വൈറസ് ബാധയേറ്റ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) സ്ഥിരീകരിച്ചു. രാജ്യത്തെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇ സന്ദർശിച്ച ശേഷം ഉഗാണ്ടയിലേക്ക് മടങ്ങിയ ഒരു യാത്രക്കാരന് അവിടെയെത്തി ദിവസങ്ങൾക്ക് ശേഷം എബോള സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുമായും (WHO) അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുമായും ചേർന്ന് യുഎഇ ആരോഗ്യ മന്ത്രാലയം കർശനമായ നിരീക്ഷണം നടത്തിവരികയാണ്. യുഎഇയിൽ തങ്ങിയിരുന്ന സമയത്ത് ഈ വ്യക്തി രാജ്യത്തെ ഒരു ആരോഗ്യ കേന്ദ്രവും സന്ദർശിച്ചിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി കോൺടാക്റ്റ് ട്രേസിംഗ് ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ സുരക്ഷാ നടപടികൾ അധികൃതർ ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ആഗോള ആരോഗ്യ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.