ദുബായ് : ഉയർന്ന ഗതാഗതച്ചെലവും പ്രാദേശിക പ്രതിസന്ധികളും നിലനിൽക്കുന്നുണ്ടെങ്കിലും യുഎഇയിലെ കന്നുകാലി വിപണി ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) സീസണിലേക്ക് സജീവമായി ഒരുങ്ങുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ബലിമൃഗങ്ങളുടെ ഡിമാൻഡ് 80 ശതമാനം വരെയും വിലയിൽ 10 ശതമാനത്തോളം വർദ്ധനവും വ്യാപാരികൾ പ്രതീക്ഷിക്കുന്നു. ഷിപ്പിംഗ് നിരക്കുകൾ 90 ശതമാനവും തീറ്റവില 40 ശതമാനം വരെയും ഉയർന്നതാണ് വിലക്കയറ്റത്തിന് കാരണം. സൗകര്യങ്ങളുടെ കുറവ് മൂലം 45 ശതമാനത്തോളം ഉപഭോക്താക്കളും മൃഗങ്ങളെ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.
വിപണിയിൽ ഇനങ്ങൾക്കനുസരിച്ച് വിലയിൽ വ്യത്യാസമുണ്ട്. ആടുകൾക്ക് 700 മുതൽ 2,800 ദിർഹം വരെയും, കോലാടുകൾക്ക് 800 മുതൽ 2,500 ദിർഹം വരെയും, പോത്തുകുട്ടികൾക്ക് (Calves) 6,000 മുതൽ 8,000 ദിർഹം വരെയുമാണ് നിലവിലെ നിരക്ക്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കൊപ്പം പ്രാദേശിക ഇനങ്ങൾക്കും വലിയ ആവശ്യക്കാരുണ്ട്. തിരക്ക് പ്രമാണിച്ച് അജ്മാൻ കോഓപ്പറേറ്റീവ് സൊസൈറ്റി ഉൾപ്പെടെയുള്ള റീട്ടെയിൽ സ്ഥാപനങ്ങൾ ആരോഗ്യ-വെറ്ററിനറി മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ മൃഗങ്ങളെയും പ്രത്യേക അറുക്കൽ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പുതിയ ഷിപ്മെന്റുകൾ എത്തുന്നതോടെ വരും ദിവസങ്ങളിൽ വില കൂടുതൽ സുസ്ഥിരമാകുമെന്നാണ് കണക്കാക്കുന്നത്.