ദുബായ് : യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ (Third Language) നടപ്പിലാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സ്കൂൾ അധികൃതർക്ക് ബോർഡ് നിർദ്ദേശം നൽകി. 2023-ലെ നാഷണൽ കരിക്കുലം ഫ്രെയിംവർക്കിന്റെ ഭാഗമായി 2026-27 അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. മിക്ക സ്കൂളുകളും ഇതിനോടകം തന്നെ തങ്ങൾ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭാഷകൾ തിരഞ്ഞെടുത്ത് ഔദ്യോഗിക പോർട്ടലിൽ വിവരങ്ങൾ നൽകിയിട്ടുണ്ട്.
എന്നാൽ ചില സ്കൂളുകൾ ഈ നടപടികൾ പൂർത്തിയാക്കാനുണ്ട്. കൂടാതെ ചില സ്കൂളുകൾ സമർപ്പിച്ച വിവരങ്ങൾ നിലവിലെ പുതിയ നയങ്ങൾക്കനുസരിച്ച് മാറ്റം വരുത്തേണ്ടതുമുണ്ട്. ഈ പ്രക്രിയകൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ആറാം ക്ലാസ്സിലെ മൂന്നാം ഭാഷാ ഓപ്ഷനുകൾ ഒയാസിസ് (OASIS) പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നതിന് 2026 മെയ് 31 വരെയാണ് സിബിഎസ്ഇ സമയം അനുവദിച്ചിരിക്കുന്നത്. നിർദ്ദിഷ്ട സമയത്തിനുള്ളിൽ തന്നെ എല്ലാ സ്കൂളുകളും ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ബോർഡ് കർശനമായി അറിയിച്ചു.