അബുദാബി : യുഎഇയിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രൊഫഷണലുകൾക്കായി രാജ്യത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അക്കാദമി പ്രവർത്തനമാരംഭിച്ചു. പ്രമുഖ റിയൽ എസ്റ്റേറ്റ് പരിശീലന സ്ഥാപനമായ ‘തിങ്ക് പ്രോപ്പ് വെഞ്ച്വർ’ ആണ് ‘തിങ്ക് പ്രോപ്പ് AI അക്കാദമി’ എന്ന ഈ നൂതന സംരംഭത്തിന് പിന്നിൽ. റിയൽ എസ്റ്റേറ്റ് പ്രൊഫഷണലുകൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലനം നൽകി അവരുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വെറുമൊരു പരിശീലന പ്ലാറ്റ്ഫോമിനപ്പുറം, ഓരോ ഘട്ടത്തിലും AI സമന്വയിപ്പിച്ചുകൊണ്ടുള്ള പഠന രീതിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ്, സെയിൽസ്, പ്രോജക്ട് മാനേജ്മെന്റ്, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സുകൾ അക്കാദമി വാഗ്ദാനം ചെയ്യുന്നു. AI CERTs®-മായി സഹകരിച്ച് നൽകുന്ന ഈ സർട്ടിഫിക്കറ്റുകൾക്ക് ആഗോള അംഗീകാരമുണ്ട്.
ആദ്യ ഘട്ടത്തിൽ 100 പ്രൊഫഷണലുകൾക്ക് പരിശീലനം നൽകാനാണ് പദ്ധതി. ഭാവിയിൽ ജിസിസി രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും ചൈനീസ് വിപണിയിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ തിങ്ക് പ്രോപ്പ് ലക്ഷ്യമിടുന്നു. അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ , ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ അംഗീകാരത്തോടെയാണ് ഈ പരിശീലന പരിപാടികൾ നടപ്പിലാക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗം കൂടുതൽ ഡിജിറ്റൽ വൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ സംരംഭം പ്രൊഫഷണലുകൾക്ക് വലിയ കരുത്താകും.