അബുദാബി: ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 21 വ്യക്തികളെയും 5 സ്ഥാപനങ്ങളെയും യുഎഇ ഭരണകൂടം പ്രാദേശിക ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയും ആഗോളതലത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
പട്ടികയിൽ ഉൾപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യുഎഇയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇവരുടെ ആസ്തികൾ കണ്ടുകെട്ടുന്നതും സാമ്പത്തിക ഇടപാടുകൾ തടയുന്നതും ഉൾപ്പെടെയുള്ള നടപടികൾ നിയമപരമായി സ്വീകരിക്കും. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യുഎഇ സ്വീകരിച്ചുപോരുന്നത്.