ദുബായ് : ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA Dubai) തങ്ങളുടെ ഔദ്യോഗിക സേവനങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തുന്നതിനായി അത്യാധുനിക കൃത്രിമബുദ്ധി (AI) സംവിധാനം പുറത്തിറക്കി. സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ്, തീരുമാനങ്ങൾ വേഗത്തിലാക്കാനും പ്രവർത്തനക്ഷമത കൂട്ടാനും സഹായിക്കുന്ന ‘ഡിസിഷൻ-സപ്പോർട്ട് സിസ്റ്റം’ (decision-support system) ജിഡിആർഎഫ്എ വികസിപ്പിച്ചെടുത്തത്. കൃത്രിമബുദ്ധിയുടെയും ഡാറ്റാ അനലിറ്റിക്സിന്റെയും കരുത്തിലാണ് ഈ നൂതന സംവിധാനം പ്രവർത്തിക്കുന്നത്.
സ്ഥാപനത്തിന്റെ പ്രവർത്തന സന്നദ്ധത, ഭരണം, ഡാറ്റാ വിശകലനം എന്നിവ വിശദമായി വിലയിരുത്തിയാണ് ഈ പുതിയ തന്ത്രത്തിന് രൂപം നൽകിയിരിക്കുന്നത്. മികച്ച ഭരണനിർവഹണം ഉറപ്പാക്കാനും എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ജനകീയവും സുതാര്യവുമായ ഒരു സർക്കാർ മാതൃക കെട്ടിപ്പടുക്കാനുമുള്ള ജിഡിആർഎഫ്എ ദുബായുടെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നവീകരണം നടപ്പിലാക്കിയിരിക്കുന്നത്.