ദുബായ് : പൊതുജനങ്ങൾക്ക് പോലീസ് സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി ‘ഓൺ ദ ഗോ’ (On the Go) എന്ന പേരിൽ പുതിയ സംരംഭവുമായി ദുബായ് പോലീസ്. ബുധനാഴ്ച അൽ ഗർഹൂദിലെ ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന ഫോറത്തിലാണ് ഈ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സേവനങ്ങൾ തേടി പോലീസ് സ്റ്റേഷനുകളിൽ നേരിട്ടെത്തുന്നത് കുറയ്ക്കുന്നതിനുമാണ് ഈ നീക്കം.
നഗരത്തിലെ വിവിധ പെട്രോൾ സ്റ്റേഷനുകൾ വഴി പോലീസ് സേവനങ്ങൾ ലഭ്യമാകും. ഇത് വഴി യാത്രയ്ക്കിടയിൽ തന്നെ അത്യാവശ്യ കാര്യങ്ങൾ പൂർത്തിയാക്കാം. ദുബായ് പോലീസിന്റെ ആപ്പുകൾ വഴി സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തിരിക്കുന്നു. ഇത് പ്രൊഫഷണൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും. പരാതികൾ നൽകുന്നതിനും മറ്റും എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും. പരമ്പരാഗത പോലീസ് സേവനങ്ങളെ സ്മാർട്ട് സംവിധാനങ്ങളിലേക്ക് മാറ്റുന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നു.
ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ഇത്തരം നൂതന പദ്ധതികളിലൂടെ ദുബായ് പോലീസ് ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് അധികൃതർ വ്യക്തമാക്കി.