ദുബായ് : ദുബായിൽ താമസസ്ഥലങ്ങൾ ഷെയറിങ് രീതിയിൽ വാടകയ്ക്ക് നൽകുന്നതിന് അനുമതി തേടിയുള്ള അപേക്ഷകൾ ദുബായ് മുൻസിപ്പാലിറ്റി ഉടൻ സ്വീകരിച്ചു തുടങ്ങും. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മുൻസിപ്പാലിറ്റി അപേക്ഷകൾ ക്ഷണിക്കും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, മുൻകൂട്ടി അനുമതി വാങ്ങിയാൽ മാത്രമേ താമസസ്ഥലങ്ങൾ ഷെയറിങ് അടിസ്ഥാനത്തിൽ നൽകാൻ സാധിക്കുകയുള്ളൂ.
മുൻസിപ്പാലിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇതിനായി പാലിക്കേണ്ട കൃത്യമായ മാർഗനിർദ്ദേശങ്ങൾ അധികൃതർ ഇപ്പോൾ തയ്യാറാക്കി വരികയാണ്. കെട്ടിടത്തിന്റെ ഉടമയ്ക്കോ അല്ലെങ്കിൽ ഉടമ ചുമതലപ്പെടുത്തുന്ന മാനേജ്മെന്റ് കമ്പനികൾക്കോ മാത്രമായിരിക്കും ഷെയറിങ് താമസത്തിന് അനുമതി തേടാൻ അവകാശമുണ്ടാകുക. വ്യക്തികൾ സ്വന്തം നിലയ്ക്ക് ഇത്തരം താമസസൗകര്യങ്ങൾ ഒരുക്കുന്നത് അനുവദിക്കില്ല.
താമസസ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും അനുവദനീയമായതിലും കൂടുതൽ ആളുകൾ ഒരുമിച്ച് താമസിക്കുന്നത് നിയന്ത്രിക്കുന്നതിനുമായാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നിയമം പ്രഖ്യാപിച്ചത്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നഗരത്തിലെ താമസസൗകര്യങ്ങൾ കൂടുതൽ ചിട്ടപ്പെടുത്താനും ഈ പുതിയ നിയമം സഹായിക്കും. താമസസ്ഥലങ്ങൾ ഷെയറിങ് രീതിയിൽ നൽകാൻ ആഗ്രഹിക്കുന്നവർ മുൻസിപ്പാലിറ്റിയുടെ നിർദ്ദേശങ്ങൾ വരുന്നത് വരെ കാത്തിരിക്കേണ്ടതാണ്.