ദുബായ് : യുഎഇയിൽ വ്യക്തിഗത വിവരങ്ങളും പാസ്വേഡുകളും മോഷ്ടിച്ചുള്ള (Credential Phishing) സൈബർ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിക്കുന്നതായി സുരക്ഷാ വിദഗ്ധർ. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ കണക്കുകൾ പ്രകാരം രാജ്യത്തുണ്ടാകുന്ന സൈബർ സുരക്ഷാ വീഴ്ചകളിൽ 75 ശതമാനത്തിലധികവും വ്യാജ ഇമെയിലുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് മൂലമാണ് സംഭവിക്കുന്നത്.
മുൻകാലങ്ങളിൽ വ്യാജ വെബ്സൈറ്റുകളിൽ പാസ്വേഡ് ടൈപ്പ് ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പുകാരെങ്കിലും, ഇപ്പോൾ ‘ഡിവൈസ് കോഡ് ഫിഷിംഗ്’ (Device Code Phishing) പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് ഇവർ ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റ് 365 പോലുള്ള ഔദ്യോഗിക ലോഗിൻ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സ്ഥിരമായി പ്രവേശിക്കാനുള്ള ടോക്കണുകൾ തട്ടിയെടുക്കുകയാണ് ഇവരുടെ പുതിയ രീതി. ഒരു വ്യക്തിയുടെ കോർപ്പറേറ്റ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിലൂടെ ആ സ്ഥാപനത്തിലെ മറ്റുള്ളവരിലേക്കും തട്ടിപ്പ് വ്യാപിക്കുന്നു. യുഎഇയിലെ 92 ശതമാനം സ്ഥാപനങ്ങളും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം ഐഡന്റിറ്റി മോഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Generative AI) ഉപയോഗിച്ച് യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന സന്ദേശങ്ങൾ നിർമ്മിക്കുന്നതിനാൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.